Sorry, you need to enable JavaScript to visit this website.

വിദേശ എംബസികളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങൾ

ജിദ്ദ - പ്രത്യേക നയതന്ത്ര ഷിപ്പ്‌മെന്റുകളുടെ ഭാഗമായി വിദേശ രാജ്യങ്ങളുടെ എംബസികൾ പ്രത്യേക പാനീയങ്ങളും ചരക്കുകളും ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. സൗദിയിലെ അമുസ്‌ലിം രാജ്യങ്ങളുടെ എംബസികൾ നയതന്ത്ര ഷിപ്പ്‌മെന്റുകളുടെ ഭാഗമായി അനധികൃതമായി ഉൽപന്നങ്ങളും പാനീയങ്ങളും ഇറക്കുതി ചെയ്ത് ദുരുപയോഗം ചെയ്യുന്നത് വിലക്കാൻ ലക്ഷ്യമിട്ടാണിത്. നയതന്ത്രബന്ധങ്ങളുമായി ബന്ധപ്പെട്ട 1961 വിയന്ന കൺവെൻഷൻ പ്രകാരം ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ നേരത്തെ സൗദിയിലെ വിദേശ രാജ്യങ്ങളുടെ എംബസികൾക്ക് അനുമതിയുണ്ടായിരുന്നു. നിയമ വിരുദ്ധമായി ദുരുപയോഗിക്കാത്ത നിലക്ക് നിയന്ത്രിത അളവിൽ ഇവ ഇറക്കുമതി ചെയ്യാനാണ് ഇനി മുതൽ അനുമതിയുണ്ടാവുക. ഇക്കാര്യം രാജ്യത്തെ മുഴുവൻ വിദേശ എംബസികളെയും കോൺസുലേറ്റുകളെയും സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഇറക്കുമതി അനുമതി വിദേശ എംബസികളും കോൺസുലേറ്റുകളും ദുരുപയോഗിക്കുന്നത് തടയാനാണ് പുതിയ ക്രമീകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 
1961 വിയന്ന കൺവെൻഷൻ സൗദി അറേബ്യ ഒപ്പുവെച്ചതു മുതൽ നിലവിലുണ്ടായിരുന്ന സംവിധാനം പരിഷ്‌കരിക്കുകയാണ് പുതിയ ക്രമീകരണത്തിലൂടെ ചെയ്യുന്നത്. പുതിയ ക്രമീകരണം അനുസരിച്ച് കർശന വ്യവസ്ഥകൾക്ക് വിധേയമായി, അമുസ്‌ലിം രാജ്യങ്ങളുടെ എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ നിയന്ത്രിത അളവിലും നിശ്ചിത ക്വാട്ടയിലും പ്രത്യേക പാനീയങ്ങളും ചരക്കുകളും ഇറക്കുമതി ചെയ്യാൻ അനുവദിക്കും.

Latest News