Sorry, you need to enable JavaScript to visit this website.

അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ വാർത്ത; പാർട്ടി പത്രത്തിന്റെ വീഴ്ച പറഞ്ഞ് ഇ.ടി മുഹമ്മദ് ബഷീർ

മലപ്പുറം - അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് സ്ഥാപിച്ച ശ്രീരാമക്ഷേത്ര പ്രതിഷ്ഠയുടെ ഉദ്ഘാടന ചടങ്ങ് റിപോർട്ട് ചെയ്തതിൽ മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് വീഴ്ച്ച സംഭവിച്ചതായി പാർട്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ബാബരി മസ്ജിദ് തകർത്താണ് അയോധ്യയിൽ ക്ഷേത്രം നിർമിച്ചത് എന്നത് വാർത്തയിൽ ഉൾപ്പെടാത്തത് പോരായ്മയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒരു ഒത്തുകളിയുടെയും ഭാഗമായി സംഭവിച്ചതല്ലെന്നും വീഴ്ച വീഴ്ചയാണെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഇ.ടി പ്രതികരിച്ചു.
 പ്രതിഷ്ഠാദിനത്തിലെ ചന്ദ്രിക വാർത്തക്കെതിരെ പാർട്ടിക്കകത്തും പുറത്തും വായനക്കാരിൽനിന്നും മതനിരപേക്ഷ പൊതുസമൂഹത്തിൽനിന്നും രൂക്ഷമായ വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ടി വീഴ്ച തുറന്നുസമ്മതിച്ചത്. 
 രാജ്യത്തെ ഒരു സംഭവം എന്ന നിലയ്ക്ക് വസ്തുതകൾ നിരത്തി ഒന്നാം പേജിൽ വരേണ്ടിയിരുന്ന വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകേണ്ടെന്നു കരുതി ഉൾപ്പെജിലേക്കു മാറ്റിയപ്പോഴും അതിൽ നിർബന്ധമായും ഉണ്ടാകേണ്ടിയിരുന്ന ചരിത്ര വസ്തുത മറച്ചുപിടിച്ച് ചന്ദ്രിക റിപോർട്ട് ചെയ്തതിനെതിരേ സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത വിമർശങ്ങളുയർന്നിരുന്നു. ചില മുഖ്യധാരാ പത്രങ്ങൾ പ്രതിഷ്ഠാദിന വാർത്തകളിൽ ജന്മഭൂമിയെ പോലും തോൽപ്പിക്കാൻ മത്സരിച്ചപ്പോൾ കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം, സി.പി.ഐയുടെ മുഖപത്രമായ ജനയുഗം, സി.പി.എമ്മിന്റെ ജിഹ്വയായ ദേശാഭിമാനി, ഇരുവിഭാഗം സമസ്തയുടെയും മുഖങ്ങളായ സുപ്രഭാതം, സിറാജ് പോലുള്ള പത്രങ്ങൾ ഒന്നാം പേജിൽതന്നെ ചരിത്രവസ്തുതകൾ മറക്കാതെ അതിന്റെ മർമ്മത്തിൽനിന്ന് കുറിക്കു കൊള്ളുന്ന തലക്കെട്ടുമായി ലീഡ് സ്‌റ്റോറി അവതരിപ്പിച്ചപ്പോൾ ചന്ദ്രികയുടെ വാർത്ത അതിദയനീയമാണെന്നായിരുന്നു വിമർശത്തിലെ കാതൽ. ഇ.ഡി പോലുള്ള ദേശീയ ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ബാബരിപള്ളിയെ ഒഴിവാക്കി വാർത്ത നൽകിയതെന്നതടക്കം ചന്ദ്രികക്കെതിരെ വിമർശങ്ങളും ഉയരുകയുണ്ടായി. എന്തായാലും വീഴ്ച തുറന്നുപറയാൻ ഇ.ടി മുഹമ്മദ് ബഷീറിനെ പോലൊരു നേതാവ് തയ്യാറായത് പാർട്ടി പത്രത്തിലെ നിലപാടില്ലായ്മയെ തിരുത്താൻ കൂടിയാണെന്നു വ്യക്തം. ബാബരി ഭൂമിയിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നപ്പോൾ, ശിലാന്യാസം തർക്കഭൂമിയിലല്ലെന്ന് ചന്ദ്രിക അച്ച് നിരത്തിയതും
ഏറെ വിവാദമായിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തെറ്റായ ഈ വാർത്തയും സമൂഹമാധ്യമങ്ങളിൽ വീണ്ടും കൂടുതൽ ചർച്ചയായി.

Latest News