തിരുവനന്തപുരം - നയപ്രഖ്യാപന പ്രസംഗം ഒരു മിനുറ്റില്‍ ഒതുക്കി ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന്‍ സഭ വിട്ടു. നിയമസഭാ ചരിത്രത്തില്‍ഇത് ആദ്യ സംഭവമാണ്. രാവിലെ 8.59 നു സഭയിലെത്തിയ ഗവര്‍ണര്‍ പ്രസംഗത്തിന്റ തുടക്കവും ഒടുക്കവും വായിച്ച് സഭയില്‍ നിന്നിറങ്ങി.
പ്രസംഗം തുടങ്ങുന്നതിനു മുമ്പ് പ്രതിപക്ഷ ബഞ്ചില്‍ നിന്ന് കോംപ്രമൈസ് ആയോ എന്നു വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഇതു ശ്രദ്ധിക്കാതെ ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചു.1.15 മിനിറ്റ് മാത്രമാണ് സഭയില്‍ ഉണ്ടായിരുന്നത്.
ബഹുമാനപ്പെട്ട സ്പീക്കര്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാന്യരായ മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാന്യരായ നിയമസഭാംഗങ്ങളെ എന്ന് സംബോധന ചെയ്ത ശേഷം
പതിനഞ്ചാം കേരള സഭയുടെ പത്താം സമ്മേളനത്തിന് സമാരംഭം കുറിച്ചു കൊണ്ട് കേരളത്തിലെ ജനപ്രതിനിധികളുടെ ഈ മഹനീയ സഭയെ അഭിസംബോധന ചെയ്യുന്നത് ബഹുമതിയായും വിശേഷാധികാരമായും ഞാന്‍ കരുതുന്നു എന്നു വായിച്ച ശേഷം അവസാന പാരഗ്രാഫിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞ് 136 -ാം പാരഗ്രാഫ് വായിക്കുകയായിരുന്നു. ഭരണഘടനയുടെ പ്രാധാന്യം എടുത്തു കാട്ടുന്ന ഈ പാരഗാഫ് വായിച്ച ശേഷം ഗവര്‍ണര്‍ സഭ വിട്ടു. ഇതോടെ ഭരണ - പ്രതിപക്ഷ ബഞ്ചുകളില്‍ നിശബ്ദത പരന്നു. നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.വേണു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.