Sorry, you need to enable JavaScript to visit this website.

പുരുഷന്‍മാരുടെ നഗ്നോത്സവത്തില്‍  സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അവസരം

ടോക്കിയോ-ജപ്പാനില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഹഡക മത്സൂരി എന്ന പുരുഷന്‍മാരുടെ 'നഗ്നോത്സവ'ത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി. ഹഡക മത്സൂരിയുടെ 1300 ലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്.ഇക്കൊല്ലം ഫെബ്രുവരി 22-നാണ് നഗനോത്സവം നടക്കുന്നത്. ചൈനീസ് കലണ്ടര്‍ പ്രകാരമുള്ള ആദ്യമാസത്തിലെ പന്ത്രണ്ടാമത്തെ ദിവസമാണ് ഉത്സവം. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലുള്ള ഒവാരി ഓകുനിറ്റാമ (കൊനോമിയ) ക്ഷേത്രത്തിലാണ് ആയിരക്കണക്കിന് വര്‍ഷമായി നഗ്നോത്സവം നടന്നുവരുന്നത്.
പതിനായിരത്തോളം പുരുഷന്‍മാരാണ് ഹഡക മത്സൂരിക്കെത്തുന്നത്. പുരുഷന്‍മാര്‍ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന പ്രത്യേക ആചാരാനുഷ്ഠാനങ്ങളിലെ ഒന്നോ രണ്ടോ എണ്ണത്തില്‍ പങ്കുചേരാനുള്ള അവസരം 40 സ്ത്രീകള്‍ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുണിയില്‍ പൊതിഞ്ഞ മുളഞ്ചില്ലകളുമായി വേണം സ്ത്രീകള്‍ ക്ഷേത്രപരിസരത്ത് എത്തേണ്ടത്. എങ്കിലും ഇവര്‍ക്ക് 'നഗ്നരാകാ'നുള്ള അനുമതിയില്ല. ആവശ്യാനുസരണമുള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കണമെന്നാണ് നിര്‍ദേശം. പരമ്പരാഗതമായ ഹപ്പി കോട്ടുകളും ഇവര്‍ ധരിക്കേണ്ടതുണ്ട്. മാത്രമല്ല, നഗ്നോത്സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍മാരുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിഷ്‌കര്‍ഷയുണ്ട്.
ധാരാളം സ്ത്രീകളില്‍ നിന്ന് ഉത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതിക്കായുള്ള ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കും പങ്കെടുക്കാനുള്ള അവസരമൊരുക്കിയതെന്ന് ഉത്സവസംഘാടകസമിതിയംഗം മിറ്റ്‌സുഗു കറ്റയാമ പ്രതികരിച്ചു. മുന്‍കാലത്തും സ്ത്രീകളെ ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയിരുന്നില്ലെന്നും എന്നാല്‍, നഗ്നോത്സവമെന്ന നിലയില്‍ അവര്‍ സ്വയം അതില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും കറ്റയാമ കൂട്ടിച്ചേര്‍ത്തു. എന്തായാലും സ്ത്രീകള്‍ക്കും ഉത്സവത്തില്‍ പങ്കെടുക്കാമെന്ന അറിയിപ്പിനെ സ്ത്രീസമൂഹവും ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളും സ്വാഗതംചെയ്തു.
ഉത്സവത്തിന് പങ്കെടുക്കുന്ന ബഹുഭൂരിഭാഗം പുരുഷന്‍മാരും 'ഫന്‍ഡോഷി' എന്നറിയപ്പെടുന്ന ജപ്പാനീസ് കൗപീനവും വെള്ള സോക്‌സുകളും മാത്രമാണ് ധരിക്കുക. ചിലര്‍ പൂര്‍ണനഗ്നരായിരിക്കും. പ്രത്യേകരീതിയിലുള്ള തലക്കെട്ടുമുണ്ടാകും. ആദ്യമണിക്കൂറുകളില്‍ ക്ഷേത്രപരിസരത്ത് ഓട്ടപ്രദക്ഷിണം നടത്തും. തുടര്‍ന്ന് തണുത്ത വെള്ളം ഇവരുടെ മുകളിലേക്ക് ഒഴിക്കും. ദേഹശുദ്ധി വരുത്തുന്നതിനാണ് ഇത്. തുടര്‍ന്ന് എല്ലാവരും മുഖ്യക്ഷേത്രത്തിലേക്ക് നീങ്ങും.
തുടര്‍ന്ന് ക്ഷേത്രപൂജാരി ഇവര്‍ക്കിടയിലേക്ക് വലിച്ചെറിയുന്ന നൂറുകണക്കിന് ചുള്ളിക്കമ്പുകള്‍ക്കിടയില്‍നിന്ന് രണ്ട് ഭാഗ്യചുള്ളിക്കമ്പുകള്‍ കണ്ടെത്തണം. ആ ചുള്ളിക്കമ്പുകള്‍ കിട്ടുന്ന പുരുഷന്‍മാരെ മറ്റുള്ളവര്‍ ഓടിച്ചെന്ന് തൊടും. അങ്ങനെ തൊടുന്നപക്ഷം വരുന്ന ഒരു കൊല്ലത്തേക്ക് എല്ലാ സൗഭാഗ്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം.  ഈ കൂട്ടയോട്ടം പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

Latest News