Sorry, you need to enable JavaScript to visit this website.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, എല്ലാം  ഇഡിയോട് ചോദിക്കൂ-ബിനീഷ് കോടിയേരി 

കൊച്ചി- കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഫെമ ലംഘനക്കേസില്‍ കൊച്ചി ഓഫീസിലാണ് ബിനീഷിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യലെന്ന് ഇ ഡി നേരത്തെ സൂചന നല്‍കിയിരുന്നു. ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിയോടെയാണ് പൂര്‍ത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിനീഷ്, കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്നാണ് പ്രതികരിച്ചത്.
ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമന്‍സ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ രേഖകള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 ഒക്ടോബര്‍ 29 ന് ബിനീഷ് കോടിയേരി അറസ്റ്റിലായിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കര്‍ശന ഉപാധികളോടെ ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സ്റ്റേ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനില്‍ക്കില്ലെന്നതടക്കമുള്ള നിരീക്ഷണവും അന്ന് കര്‍ണാടക ഹൈക്കോടതി നടത്തിയിരുന്നു. ലഹരിക്കടത്ത് കേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷിനെതിരെ നിലനില്‍ക്കില്ലെന്നാണ് അന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചത്. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകുകയും വേണ്ട. നേരത്തേ ഈ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനീഷ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്താണ് അന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Latest News