Sorry, you need to enable JavaScript to visit this website.

ഭിന്നശേഷിക്കാരന്റെ ആത്മഹത്യ.. സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി- വികലാംഗ പെന്‍ഷന്‍ അഞ്ചു മാസമായി മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ട്. കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് പാപ്പച്ചന്‍ എന്ന ജോസഫാണ് ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയോടെ അയല്‍വാസികളാണ് ജോസഫിനെ വീട്ടുവരാന്തയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ജോസഫിന്റെ മൂന്ന് പെണ്‍മക്കളില്‍ ഒരാളായ ജിന്‍സിയും ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമാണ്. കുടുംബം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വികലാംഗ പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ജോസഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കും മകള്‍ ജിന്‍സിക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒമ്പതിനാണ് പരാതി നല്‍കിയത്. ജോസഫിന്റെ ഭാര്യ ഒരു വര്‍ഷം മുമ്പ് മരിച്ചു. മറ്റുമക്കള്‍: ആന്‍സി, റിന്‍സി.

15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, പെരുവണ്ണാമൂഴി പൊലീസ് എന്നിവര്‍ക്കും നിവേദനം നല്‍കിയതായും അറിയുന്നു. അതേസമയം മരണകാരണം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്.

 

Tags

Latest News