Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുള്ള റീ എൻട്രി നിരോധനം മായുമ്പോൾ

റീ എൻട്രിയിൽ പോയശേഷം പലകാരണങ്ങളാൽ മടങ്ങി വരാതിരുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന മൂന്നു വർഷ വിലക്ക് പിൻവലിച്ച് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് നടത്തിയ പ്രഖ്യാപനത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. കാരണം ആയിരക്കണക്കിനു മുൻ പ്രവാസികൾക്കാണ് ഇതു പ്രയോജനം ചെയ്യുക. സൗദി അറേബ്യ രാജ്യത്തേക്ക് വിദേശികളെ സ്വീകരിക്കാൻ നടത്തി വരുന്ന ഉദാരവർക്കരണ നടപടികളുടെ അവസാനത്തെ ഉദാഹരണമാണിത്. ഈ തടസം നീങ്ങിയത് തൊഴിൽ തേടി വരുന്നവർക്കു മാത്രമല്ല, സൗദി സന്ദർശനവും തീർഥാടനവും ഉദ്ദേശിക്കുന്നവർക്കും പ്രയോജനം ചെയ്യും. റീ എൻട്രിയിൽ പോയി മടങ്ങി വരാതിരുന്നവർക്ക് പിന്നീട് സൗയിലെത്തുന്നതിന് മൂന്നു വർഷംവരെ കാത്തിരിക്കൽ നിർബന്ധമായിരുന്നു. അതാണിപ്പോൾ സൗദി പാസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിന്റെ ഉത്തരവിലൂടെ നീങ്ങിയിരിക്കുന്നത്. അതിവിദഗ്ധരായ ഉദ്യോഗാർഥികളെയെന്ന പോലെ വിനോദ സഞ്ചാരികളെയും തീർഥാടകരെയും സൗദി അറേബ്യ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വിസകളുടെ നടപടിക്രമങ്ങളിൽ കാലാനുസൃത മാറ്റങ്ങളും എളുപ്പവും ആക്കി  ഓൺലൈനിലൂടെ എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയും വിധത്തിലുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു സൗദിയിലേക്കുള്ള വിദേശികളുടെ ഒഴുക്കിൽ ഗണ്യമായ വർധനയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ റീ എൻട്രി തടസം കൂടി നീക്കിയത് ഈ ഒഴുക്കിന് ശക്തിയേകും. 

വീണ്ടും തൊഴിലിടത്തേക്ക് മടങ്ങി വരാമെന്ന ആഗ്രഹത്തിൽ തന്നെ നാട്ടിലേക്കു തിരിക്കുകയും മനപ്പൂർവമല്ലാത്ത കാരണങ്ങളാൽ പിന്നീട്  മടങ്ങി വരാൻ കഴിയാതിരുന്നവരുമാണ്  നിരോധന നിയമംകൊണ്ട് ഏറെ വലഞ്ഞിരുന്നത്. കുടുംബം നാട്ടിലായിരുന്നവർക്കും രക്ഷിതാക്കളുടേയും കുടുംബാംഗങ്ങളുടേയും രോഗത്താലും കുടുംബ പ്രശ്‌നങ്ങളാലും മറ്റും പലർക്കും നിശ്ചിത സമയത്തിനകം മടങ്ങി വരുന്നതിന് കഴിയാതെ പോയിട്ടുണ്ട്. സ്പോൺസർ വിചാരിച്ചാൽ ഇവർക്കു പിന്നീട് തിരിച്ചെത്താൻ കഴിയുമായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട നൂലാമാലകൾക്കു പിന്നാലെ പോകാൻ പല സ്പോൺസർമാരും മെനക്കെടാറില്ല. മാത്രമല്ല, സർവീസ് ആനുകൂല്യവും മറ്റും തൊഴിലാളിക്ക് കൊടുക്കാതിരിക്കുന്നതിനും ഇതുപാധിയാക്കി മാറ്റിയ സ്പോൺസർമാരുണ്ട്. ഇത്തരക്കാർ ഇഖാമയുടെ കാലാവധി ഉണ്ടെങ്കിൽ പോലും എക്സിറ്റ് റീ എൻട്രി നീട്ടി നൽകാതെ തിരിച്ചു വരാനുള്ള വഴികൾ മനപ്പൂർവം അടച്ച സംഭവങ്ങൾ നിരവധിയാണ്. ഇങ്ങനെ കുടുങ്ങിയവർക്ക് തിരിച്ച് സൗദിയിലെത്തി പരാതി നൽകുന്നതിനോ നാട്ടിൽനിന്നു കൊണ്ട് നഷ്ടപരിഹരം തേടുന്നതിനോ കഴിയാറില്ല. പുതിയ നിയമത്തോടെ അത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ല. പുതിയ വിസയിലാണെങ്കിലും സൗദിയിലെത്തി തൊഴിലെടുക്കുന്നതിനും പഴയ സ്പോൺസറെ സമീപിച്ച് ആനുകൂല്യങ്ങൾ തേടുന്നതിനും പുതിയ നിയമം സഹായകരമാവും. കോവിഡ് കാലത്ത് ആയിരക്കണക്കിനു പേരാണ് നാട്ടിൽ കുടുങ്ങിയത്. വിമാന സർവീസുകൾ ഇല്ലാതിരുന്നതിന്റെ പേരിൽ വരാൻ കഴിയാതിരുന്നവരുണ്ട്. ഇത്തരക്കാരുടെ കാലാവധി കഴിഞ്ഞ റീ എൻട്രി ജവാസാത്ത് തന്നെ പലതവണ സൗജന്യമായി പുതുക്കി നൽകിയിരുന്നുവെങ്കിലും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽനിന്ന് അനുമതി കിട്ടാതിരുന്നതിന്റെ പേരി പലർക്കും വരാൻ കഴിയാതെ പോയിട്ടുണ്ട്. അങ്ങനെ റീ എൻട്രി കാലാവധി അവസാനിക്കുകയും നിയമ ലംഘനത്തിന്റെ പരിധിയിൽ അവർ വരികയും ചെയ്തിരുന്നു. തുടർന്ന് മൂന്നു വഷത്തേക്ക് ജോലിക്കെന്നല്ലെ, വിനോദ സഞ്ചാരികളായോ, തീർഥാടകരോയോ പോലും വരാൻ സാധിച്ചിരുന്നില്ല. ഈ നിയമ ലംഘനത്തിന്റെ പേരിൽ ഉംറക്കു വന്നവരെ പോലും സൗദിയിൽ ഇറങ്ങാൻ അനുവദിക്കാതെ മടക്കി അയച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ നിയമം മാറ്റിയതോടെ ഇത്തരക്കാർക്ക് തെല്ലൊന്നുമല്ല ആശ്വാസം ലഭിച്ചിരിക്കുന്നത്. 

സൗദിയിലെ ഏതു പ്രവിശ്യകളിലെയും വിമാനത്താവളം, തുറമുഖം, കരാതിർത്തി പോസ്റ്റുകളിലൂടെ ഇവർക്കു ഇനി മുതൽ സൗദിയിൽ പ്രവേശിക്കാം. ജനുവരി 16 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. വ്യവസായികളും കച്ചടവടക്കാർ ഉൾപ്പടെയുള്ള സ്ഥാപന ഉടമകളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് റീ എൻട്രി കാലാവധിയിൽ തിരിച്ചുവരാത്തവർക്ക് നേരത്തെ ജവാസാത്ത് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. റീഎൻട്രി കാലാവധിയിൽ തൊഴിലാളികൾ തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പലവിധ കഷ്ടനഷ്ടങ്ങൾക്കും ഇടയാക്കിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തണമെന്ന് ഇവർ നേരത്തെ ആവശ്യപ്പെട്ടത്. എന്നാൽ പരിചയ സമ്പന്നരായ തൊഴിലാളികളുടെ ആവശ്യം വർധിച്ചതോടെ ഇതു മാറ്റിയെഴുതാൻ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നു. നേരത്തെ വിദേശങ്ങളിലുള്ളവരുടെ റീ എൻട്രി ദീർഘിപ്പിക്കാൻ മാർഗമില്ലായിരുന്നു. ഇപ്പോൾ ഇഖാമക്കു കാലാവധി ഉണ്ടെങ്കിൽ വിദേശങ്ങളിലുള്ളവരുടെ റീഎൻട്രി ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സ്‌പോൺസർക്കു കഴിയും. ഇഖാമ പുതുക്കലും ഓൺലൈൻ വഴി സ്‌പോൺസർക്കു സാധ്യമാണ്. റീ എൻട്രിയിൽ മടങ്ങാത്തവർക്ക് വേറെ സ്പോൺസറുടെ കീഴിൽ പുതിയ വിസയിൽ വരുന്നതിനാണ് ഇതുവരെ വിലക്കുണ്ടായിരുന്നത്. അതേ സ്പോൺസറുടെ കീഴിൽ പുതിയ വിസയിൽ പ്രവേശനം അനുവദിച്ചിരുന്നു.
തിരിച്ചു വരാമെന്ന കണക്കുകൂട്ടലോടെ റീ എൻട്രിയിൽ പോവുകയും എന്നാൽ പിന്നീട് മടങ്ങിവരാൻ കഴിയാതിരിക്കുകയും ചെയ്തവരുടെ വാഹനം, ഫഌറ്റ് ഉൾപ്പെടെയുള്ള സ്ഥാപര ജംഗമ വസ്തുക്കൾ ഉപയോഗ ശൂന്യമായി കിടന്നിരുന്നു. ഇത്തരക്കാർക്ക് പുതിയ തൊഴിൽ വിസയിലോ സന്ദർശന, തീർഥാടക വസിയിലോ എത്തി ഇവ തങ്ങളുടെ പേരിൽനിന്നു മാറ്റുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പുതിയ നിയമത്തിലൂടെ അവസം കൈവന്നിരിക്കുകയാണ്. ജോലി ചെയ്യാൻ ആഗ്രഹമില്ലെങ്കിലും കുടുംബാംഗങ്ങളോടൊത്ത് ഉംറക്കു വരുന്നതിനു പോലും കഴിയാതെ വിഷമിച്ചിരുന്നവർക്കും ഇനി മൂന്നു വർഷം കാത്തിരിക്കേണ്ടതില്ല. റീ എൻട്രിയിൽ അയക്കുകയും പിന്നീട് വരേണ്ടതില്ലെന്ന് അറിയിച്ച് സ്‌പോൺസർമാർ തന്നെ വഴി മുടക്കുകയും ചെയ്തിരുന്നതും ഇതോടെ അവസാനിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുമ്പോൾ പിന്നീട് തിരിച്ചു വിളിക്കാമെന്ന വാഗ്ദാനം നൽകി തൊഴിലാളികളെ സ്‌പോൺസർമാർ പറഞ്ഞു വിടാറുണ്ട്. അതിനു ശേഷം സ്ഥാപനം മെച്ചപ്പെട്ട നിലയിലേക്ക് മാറിയാലും ഇങ്ങനെ പറഞ്ഞു വിട്ടവരെ തിരിച്ചു വിളിക്കാൻ ചിലർ കൂട്ടാക്കാറില്ല. ഇതിലൂടെ അവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കാമെന്നു മാത്രമല്ല, കുറഞ്ഞ ശമ്പളത്തിന് പുതിയ ആളുകളെ എടുക്കുകയും ചെയ്യാമെന്ന കണക്കു കൂട്ടലോടെയാണ് ചിലരെങ്കിലും ഇതു ചെയ്യാറുള്ളത്. ഇത്തരം വേലകൾ കുറക്കുന്നതിനും പുതിയ നിയമം സഹായകരമാവും. സത്യത്തിൽ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പുതിയ നിയമം ഏറെ ഗുണകരമാണ്.  മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ജോലി സമ്പാദിക്കുന്നതിനും ജോലിക്കല്ലാതെ സന്ദർശകരായി വരുന്നതിനുമെല്ലാം ഇതു വിദേശികളെ സഹായിക്കും. 


 


 

Latest News