Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ്, അമേരിക്കൻ പൗരൻമാർ ഒരു മാസത്തിനകം യെമൻ വിടണം-ഹൂത്തികളുടെ മുന്നറിയിപ്പ്

സൻആ- ഐക്യരാഷ്ട്രസഭയുടെ യെമൻ ആസ്ഥാനമായുള്ള മാനുഷിക സംഘടനകളിൽ ജോലി ചെയ്യുന്ന അമേരിക്കൻ, ബ്രിട്ടീഷ് ജീവനക്കാർ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് യെമനിലെ ഹൂത്തി അധികൃതരുടെ മുന്നറിയിപ്പ്. ചെങ്കടലിൽ ഇസ്രായിൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തിയതിന്റെ തിരിച്ചടിയായി യെമനിലെ നിരവധി കേന്ദ്രങ്ങൡലേക്ക് അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രതികരണമായാണ് ഹൂത്തികളുടെ മുന്നറിയിപ്പ്. ഗാസയെ ഇസ്രായിൽ ആക്രമിക്കുന്നതിനുള്ള പ്രതികാരവും ഫലസ്തീനുള്ള ഐക്യദാർഢ്യവുമാണ് ചെങ്കടലിലെ ആക്രമണമെന്ന് ഹൂത്തികൾ ആവർത്തിച്ചു. 

30 ദിവസത്തിനകം രാജ്യം വിടണമെന്ന് യു.എസ്, ബ്രിട്ടീഷ് പൗരത്വമുള്ള ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും ആവശ്യപ്പെടുന്നതായി ഹൂത്തികൾ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. യെമനിലെ പ്രവർത്തനങ്ങൾക്ക് അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാരെ നിയമിക്കരുതെന്ന് വിദേശ സംഘടനകളോട് കത്തിൽ ഉത്തരവിട്ടു. കത്തിന്റെ ആധികാരികത ഹൂത്തിയുടെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുസ്സലാം സ്ഥിരീകരിച്ചു. ഹൂത്തികളുടെ ആക്രമണത്തെ തുടർന്ന് ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും എളുപ്പത്തിലുള്ള ചരക്ക് റൂട്ടായ ചെങ്കടലിൽ നിന്ന് കണ്ടെയ്‌നർ കപ്പലുകൾ വഴിതിരിച്ചുവിട്ടിരുന്നു. ഹൂതികളുടെ ആക്രമണത്തിന് പ്രതികാരമായി യുഎസ്, ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും കപ്പലുകളും അന്തർവാഹിനികളും യെമനിലുടനീളം ഡസൻ കണക്കിന് വ്യോമാക്രമണമാണ് നടത്തിയത്. 
യുഎസ്, ബ്രിട്ടീഷ് സേനകൾ ചൊവ്വാഴ്ച ഹൂത്തികളുടെ ഭൂഗർഭ സംഭരണ കേന്ദ്രവും മിസൈൽ, നിരീക്ഷണ ശേഷികളും ലക്ഷ്യമിട്ടതായി പെന്റഗൺ അറിയിച്ചു.
 

Latest News