പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി പ്രതിഷേധം

കോഴിക്കോട്- മാസങ്ങളായി മുടങ്ങിയ പെന്‍ഷന്‍ ഉടനെ നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് കത്തുനല്‍കിയതിനു പിന്നാലെ ജീവനൊടുക്കിയ ചക്കിട്ടപ്പാറ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ജോസഫിന്റെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് ഉപരോധിച്ചു. 'മരിച്ചുപോയ സര്‍ക്കാരിന് ആദരാഞ്ജലികള്‍' അര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുമ്പില്‍ റീത്ത് വെച്ചു.

മരണത്തിന്റെ ഉത്തരവാദി സര്‍ക്കാര്‍ ആണെന്നും ജോസഫിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും എം. കെ. രാഘവന്‍ എം.പി. ആവശ്യപ്പെട്ടു. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. തുടര്‍ന്ന് ജോസഫിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

അതേസമയം, ജോസഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കലക്ടറുടെ ചേമ്പറിന്റെ മുമ്പില്‍ ഉപരോധിച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാനേയും ജില്ലാ ഭാരവാഹികളായ മിസ്ഹബ്, ജാഫര്‍ സാദിക്ക് ഷഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തു.

 

Latest News