Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയിലെ ഇസ്രായിൽ ആക്രമണത്തെ സ്വയം പ്രതിരോധമെന്ന് ന്യായീകരിക്കുന്നത് അംഗീകരിക്കില്ല-സൗദി

ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് രക്ഷാ സമിതിയിൽ നടന്ന, മധ്യപൗരസ്ത്യദേശത്തെ സംഭവവികാസങ്ങളെ കുറിച്ച തുറന്ന ചർച്ചാ സെഷനിൽ സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി സംസാരിക്കുന്നു.

ജിദ്ദ - ഗാസ യുദ്ധത്തെ സ്വയം പ്രതിരോധവുമായി ഇസ്രായിൽ ബന്ധിപ്പിക്കുന്നതിനെ സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നതായി ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് രക്ഷാ സമിതിയിൽ നടന്ന, മധ്യപൗരസ്ത്യദേശത്തെ സംഭവവികാസങ്ങളെ കുറിച്ച തുറന്ന ചർച്ചാ സെഷനിൽ വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എൻജിനീയർ വലീദ് അൽഖുറൈജി. ഇസ്രായിൽ ആക്രമണം തുടരുന്നതിന്റെ ഫലമായി ഗാസയിൽ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷം രൂക്ഷമാവുകയും ചെയ്തു. ഇസ്രായിൽ യുദ്ധ യന്ത്രത്തിന്റെ വ്യാപകമായ വിവേചനരഹിതമായ ബോംബാക്രമണം കാരണം ആളുകൾ മരിച്ചുവീഴുന്നത് തുടരുന്നു. അനുദിനം മരണ സംഖ്യ കൂടിവരികയാണ്. ഈ ദുരന്തം അവസാനിപ്പിക്കാൻ ഗൗരവത്തായ നീക്കം നടത്തേണ്ടത് അനിവാര്യമാണ്. നിരായുധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കാൻ ശ്രദ്ധേയമായ നടപടികൾ സ്വീകരിക്കണം. 
ഗാസ യുദ്ധം ലോകം മുഴുവൻ കാണുന്നു. ഇതിന്റെ അനന്തരഫലങ്ങൾ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. സംഘർഷം വ്യാപിക്കുന്നതിനെതിരെയും മേഖലാ, ആഗോള സുരക്ഷക്കും സ്ഥിരതക്കും സൃഷ്ടിക്കുന്ന ഭീഷണിയെയും കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനുഷ്യരുടെ ദുരിതങ്ങൾ ലഘൂകരിക്കാനും ഫലസ്തീനിൽ സൈനിക നടപടികൾ അവസാനിപ്പിക്കാനുമാണ് സൗദി അറേബ്യ മുൻഗണന നൽകുന്നത്. ചെങ്കടലിലും യെമനിലും നടന്ന സൈനിക നീക്കങ്ങൾ ആശങ്കയുളവാക്കുന്നു. അയൽ രാജ്യങ്ങളിലും അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ തടയാനും നീതിയുക്തവും സുസ്ഥിരവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാനും ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഗാസ നിവാസികളെ നിർബന്ധിച്ച് കുടിയിറക്കുന്നതിനെ സൗദി അറേബ്യ നിരാകരിക്കുന്നു. ഫലസ്തീനികളുടെ ജീവിതത്തോടുള്ള അസ്വീകാര്യമായ അവഗണനയാണ് ഇപ്പോൾ നടക്കുന്നത്. 
സൗദി അറേബ്യ എക്കാലവും സമാധാനം ആഹ്വാനം ചെയ്യുന്നു. മേഖലയിൽ സമാധാനവും സുരക്ഷയുമുണ്ടാക്കാൻ സർവശേഷിയും സൗദി അറേബ്യ പ്രയോജനപ്പെടുത്തുന്നു. ഏതു കക്ഷിയും ഏതു ന്യായീകരണത്തിന്റെ പേരിലും അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ലംഘിക്കുന്നതിനെ സൗദി അറേബ്യ പൂർണമായും തള്ളിക്കളയുന്നു. അന്താരാഷ്ട്ര നിയമം മാനിക്കാനും ഗാസയിലെ ദുരിതങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീനികളുടെ അവകാശങ്ങളും അന്തസ്സും ഉറപ്പുവരുത്തുന്ന നിലക്ക് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും ഇസ്രായിലിനെ നിർബന്ധിക്കാൻ യു.എൻ രക്ഷാ സമിതി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി ആവശ്യപ്പെട്ടു. യു.എന്നിലെ സൗദി സ്ഥിരം ഡെപ്യൂട്ടി പ്രതിനിധി മുഹമ്മദ് അൽഅതീഖ്, ഡെപ്യൂട്ടി വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ മുതശർ അൽഅനസി എന്നിവർ ചർച്ചാ സെഷനിൽ പങ്കെടുത്തു.

Latest News