Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയോധ്യ: വെറുപ്പിന്റെ രാഷ്ട്രീയം

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിനായി മാത്രം ലക്ഷ്യമാക്കിയുള്ള ഒന്നായിരുന്നു ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങെന്ന് നാളെ ചരിത്രം വെളിപ്പെടുത്തുമ്പോൾ മാത്രമാകും ഇന്ത്യക്കാർ ഫാസിസത്തിന്റെ കുടിലതന്ത്രത്തിന്റെ ആഴം തിരിച്ചറിയുക. ശരിയായ രാഷ്ട്രീയാവബോധത്തിന്റെ അസാന്നിധ്യം ഇന്ത്യയെ എത്രമാത്രം ഗ്രസിച്ചുവെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്തത്ര പൊതുബോധ സൃഷ്ടിപ്പിന് നാം വിധേയരായിരിക്കുന്നു. കൃത്യമായി രാഷ്ട്രീയമറിയാവുന്ന നേതൃത്വത്തിന്റെ അഭാവം ഒരു മഹാ രാജ്യത്തിന്റെ നഷ്ടപ്പെട്ട നിധിയായി അവശേഷിക്കുന്നു. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!
 

 

2014 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വിളംബരം ചെയ്യപ്പെട്ട രാമക്ഷേത്രനിർമാണത്തിന്റെ സാഫല്യവുമായി 2024 ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ബി.ജെ.പി.
ശ്രീരാമൻ എന്ന ത്രേതായുഗത്തിലെ ഇതിഹാസ കഥാപുരുഷൻ ദശരഥന്റെ പുത്രനായി അയോധ്യയിൽ ജനിച്ചുവെന്ന് പറയപ്പെടുന്ന പ്രദേശത്തെ മാനിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു പള്ളി തകർത്തുകൊണ്ട് അദ്ദേഹത്തിന്റെ പേരിലൊരു ക്ഷേത്രം നിർമ്മിക്കുന്നതിന്റെ ചടങ്ങുകൾ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള കാർമികത്വത്തിൽ നടന്നു. ശ്രീരാമന്റെ ചെറിയ രൂപമായ രാം ലല്ല വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്ന പ്രാണ പ്രതിഷ്ഠയാണ് അയോധ്യയിൽ നടന്നത്.

ലോകത്തെമ്പാടുമുള്ള രാമഭക്തർക്ക് കാണത്തക്കരീതിയിൽ വിവിധ ക്ഷേത്രങ്ങളിലും പൊതുവിടങ്ങളിലും മറ്റും ചടങ്ങ് ദൃശ്യവൽക്കരിക്കപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന 12 സംസ്ഥാനങ്ങളുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച പൂർണമായോ ഭാഗികമായോ അവധി കൊടുത്തു. അങ്ങിനെ സമുചിതമായി തന്നെ ബി.ജെ.പി അവരുടെ വാഗ്ദാനം നിറവേറ്റിയെന്ന് നമുക്ക് മനസ്സിലാക്കാം. ഇനി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും ഭക്തിയുടെ പുറംമോടിയുമായി ഒരു തെരഞ്ഞെടുപ്പുകൂടി സാധ്യമാക്കി മൂന്നാമതും നരേന്ദ്രമോഡി അധികാരത്തിലേറുകയെന്നതാണ് അവരുടെ ടാർഗറ്റ്. ഒരു പക്ഷേ അങ്ങനെ വന്നാൽ ആ ഹാട്രിക്കിന് ഒരു സവിശേഷത ഉണ്ടായേക്കാം. ഇന്ത്യയുടെ നടപ്പുരീതികളിൽ അവസാനത്തെ പൊതു തെരെഞ്ഞെടുപ്പായി 2024 മാറിയേക്കാം. 2029 ലേക്കെത്തുമ്പോൾ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിലയിലേക്ക് മാറുകയും പുഷ്‌കലമായ ഇന്ത്യൻ ജനാധിപത്യം മൃതിയടയുകയും ചെയ്‌തേക്കാം. 

പള്ളി പൊളിച്ച് 32 വർഷങ്ങളും 46 ദിവസങ്ങളും പിന്നിട്ട ജനുവരി 22 ന് നടന്ന ഈ ചടങ്ങിന്  യോഗി ആദിത്യനാഥ് മുതൽ മോഹൻ ഭാഗവത് വരെയുള്ള രാഷ്ട്രീയ നേതാക്കളും, സച്ചിൻ തെണ്ടുൽക്കർ മുതൽ സൈന നെഹ്വാൾ വരെയുള്ള കായിക താരങ്ങളും, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മുതൽ ക്ഷേത്രം പണിയണമെന്ന് വിധി പ്രസ്താവിച്ച രഞ്ജൻ ഗൊഗോയ് വരെയും, അംബാനി, അദാനി, രത്തൻ ടാറ്റ, ബിർള മുതലായ ബിസിനസ് ടൈക്കൂണുകൾ മുതൽ അനിൽ കുംബ്ലെ, മിത്തലി രാജ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, രാമനാകാൻ തയ്യാറായ രൺബീർ, വിക്കി കൗശൽ, കത്രീന കൈഫ് വരെ പ്രമുഖരെല്ലാം സന്നിഹിതരായി. കേരളത്തിൽ നിന്ന് പി.ടി ഉഷ, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, ടെക്നോക്രാറ്റ് ഇ. ശ്രീധരൻ മുതൽ ആയിരക്കണക്കിന് മലയാളികൾ നേരിൽ പങ്കെടുത്ത ഭക്തിസാന്ദ്രമായ ചടങ്ങായി അത് മാറി.

2020 ഫെബ്രുവരി 19 ന് രൂപീകരിക്കപ്പെട്ട ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷൻ സ്വാമി മഹന്ത് നൃത്യാ ഗോപാൽ ദാസ് ആണ് എല്ലാവർക്കും ആതിഥ്യമരുളിയത്. വിശ്വഹിന്ദു പരിഷത്തിന്റെ സംഘാടകരികരിൽ പെട്ട ഇദ്ദേഹം 1993 ൽ രൂപം കൊണ്ട രാമജന്മ ഭൂമി ന്യാസിന്റെ മുഖ്യനായി രംഗത്തുവരികയും വരാണസി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ച് ശാസ്ത്രിയായി മാറുകയും ചെയ്തു. ബാബരി പള്ളിയടക്കം കുറെ പള്ളികൾ ഹിന്ദുക്കൾക്ക് വിട്ടുതന്നെങ്കിൽ മാത്രമേ മുസ്‌ലിംകൾക്ക് ഇന്ത്യയിൽ ജീവിക്കാൻ സാധിക്കൂവെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ്  മഹന്ത് ഗോപാൽ ദാസ്.

പുരാവസ്തു വിദഗ്ധനായ കെ.കെ മുഹമ്മദ് മുതൽ മുൻ കാലിക്കറ്റ് സർവ്വകലാശാല വി.സി അബ്ദുസലാം വരെയുള്ളവരുടെ ആശീർവാദത്തോടെയാണ് ഈ ചടങ്ങെന്നത് കാണുമ്പോൾ എല്ലാം ശുഭം ആണേ എന്ന് പറയാൻ ആർക്കും തോന്നിപ്പോകും. എന്നാൽ വസ്തുത അതല്ല. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ചുകൊണ്ട് ഫാസിസം നടപ്പിലാക്കാനുള്ള ഗ്രേറ്റ് ഇന്ത്യ പദ്ധതിയുടെ തുടക്കമാണ് ഈ പ്രതിഷ്ഠ. മതമോ ശ്രീരാമഭക്തിയോ ഒന്നുമല്ല യഥാർത്ഥ വസ്തുതയെന്ന് കൃത്യമായി മനസിലാക്കാതെയാണ് പലരുമീ ദൗത്യത്തിന്റെ ഉത്സവഛായയിൽ മുങ്ങിവിളങ്ങിയത്.
   
ഈ മാറ്റം ഇന്ത്യയുടെ പൊതുബോധമായി മാറുകയാണ്. ആദ്യം ഭക്തിയുടെ മായയിൽ, പിന്നീട് ചരിത്രത്തിന്റെ പുനർ നിർമ്മിതിയിൽ, അതുകഴിഞ്ഞ് അപരവൽക്കരണത്തിലൂടെ 20 ശതമാനത്തിനെ 80 ൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട്. 'ഫൂട് ഇൻ ദി ഡോർ' എന്നാണ് ഇതിന് മനഃശാസ്ത്രത്തിൽ വിളിക്കുക. എല്ലാർവർക്കും കുറേയൊക്ക സ്വീകാര്യമായ കാര്യത്തിലേക്ക് ഫാസിസം ജനമനസ്സുകളെ അടുപ്പിക്കും. അതൊരു ഐക്യപ്പെടലാണ്. വൈകാരികമായ ബാന്ധവം സൃഷ്ടിക്കലാണ്. അങ്ങനെ ഉണ്ടാക്കുന്ന ഐകമത്യം വഴി അപരവൽക്കരിക്കപ്പെട്ട സമൂഹത്തിന് മേലുള്ള കടന്നു കയറ്റങ്ങൾ എല്ലാം ന്യായീകരിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ജനം മാറ്റപ്പെടും. ഈ മാറ്റം ഉൾക്കൊണ്ട് കൊണ്ട് പ്രവിശാലമായ ഒരേകകത്തെ പുൽകുന്ന വ്യവസ്ഥാ പദ്ധതിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതങ്ങനെ മനസിലാക്കാൻ പൊതുവെ ആർക്കും സാധിക്കില്ലെന്നതാണ് വാസ്തവം.

''ആദ്യം നമ്മൾ സി.എ.എയുടെ പിൻബലത്തിൽ ഈ നാട്ടിൽ വന്നിട്ടുള്ള എല്ലാ ഹിന്ദുക്കൾക്കും ജൈനനും ബുദ്ധനും സിഖുകാർക്കും ക്രിസ്ത്യാനിക്കും പൗരത്വം നൽകും. അതിന് ശേഷം, ശ്രദ്ധിച്ചു കേൾക്കൂ... ബിജെപി സർക്കാർ എൻ.ആർ.സി കൊണ്ടുവരും. അതിനു ശേഷം ഇവിടെ നുഴഞ്ഞു കയറിവന്ന കന്യാകുമാരി മുതൽ കശ്മീർ വരെയും അസം മുതൽ ഗുജറാത്ത് വരെയുമുള്ള ഓരോരുത്തനെയും, ഓരോരുത്തരെയും തിരഞ്ഞുപിടിച്ചു നമ്മൾ പുറത്താക്കും. ഇവരാണ് ഈ നാടിനെ കുട്ടിച്ചോറാക്കുന്നത്.' ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ടാം മോഡി സർക്കാർ വരുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ മുസ്‌ലിംകളെ എന്ത് ചെയ്യാൻ പോകുന്നുവെന്ന് ബിജെപി അണികൾക്ക് ഒരു പൊതുപരിപാടിയിൽ  വിശദമാക്കിക്കൊടുക്കുന്ന പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്.

ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിനായി മാത്രം ലക്ഷ്യമാക്കിയുള്ള ഒന്നായിരുന്നു ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങെന്ന് നാളെ ചരിത്രം വെളിപ്പെടുത്തുമ്പോൾ മാത്രമാകും ഇന്ത്യക്കാർ ഫാസിസത്തിന്റെ കുടിലതന്ത്രത്തിന്റെ ആഴം തിരിച്ചറിയുക. ശരിയായ രാഷ്ട്രീയാവബോധത്തിന്റെ അസാന്നിധ്യം ഇന്ത്യയെ എത്രമാത്രം ഗ്രസിച്ചുവെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്തത്ര പൊതുബോധ സൃഷ്ടിപ്പിന് നാം വിധേയരായിരിക്കുന്നു. കൃത്യമായി രാഷ്ട്രീയമറിയാവുന്ന നേതൃത്വത്തിന്റെ അഭാവം ഒരു മഹാ രാജ്യത്തിന്റെ നഷ്ടപ്പെട്ട നിധിയായി അവശേഷിക്കുന്നു. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

Latest News