Sorry, you need to enable JavaScript to visit this website.

സൗദിയിലെ മസ്ജിദുകളിൽനിന്ന് വൈദ്യുതി മോഷ്ടിക്കുന്നത് പിടികൂടി

ജിദ്ദ - രാജ്യത്തെ മസ്ജിദുകളിൽ അഞ്ചു വർഷത്തിനിടെ 3,036 വൈദ്യുതി, ജല മോഷണങ്ങൾ കണ്ടെത്തിയതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 2,624 മോഷണങ്ങൾ പരിഹരിച്ച് കൈയേറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി. 412 മോഷണങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. 
മസ്ജിദുകളിൽ 2,779 വൈദ്യുതി കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 2,407 എണ്ണം പരിഹരിച്ചു. 372 കൈയേറ്റങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. അഞ്ചു വർഷത്തിനിടെ 257 ജല മോഷണങ്ങളും കണ്ടെത്തി. ഇതിൽ 217 എണ്ണം പരിഹരിച്ചു. 40 കൈയേറ്റങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. പ്രവിശ്യകളിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകളുമായി സഹകരിച്ച് മസ്ജിദുകളിലെ വൈദ്യുതി, ജല കൈയേറ്റങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാനും മസ്ജിദ് വസ്തുവകകൾക്കും പൊതുസേവനങ്ങൾക്കും നേരെയുള്ള കൈയേറ്റങ്ങളിൽ മുൻകാല പ്രാബല്യത്തോടെ നഷ്ടപരിഹാരം ഈടാക്കാനും കൈയേറ്റക്കാരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാൻ മന്ത്രാലയത്തിലെ പ്രത്യേക വകുപ്പ് ശ്രമിച്ചുവരികയാണ്. മസ്ജിദുകളിലെ കൈയേറ്റങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 1933 ൽ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തെയും മന്ത്രാലയ ശാഖകളെയും നേരിട്ട് സമീപിച്ചും വിവരം നൽകാവുന്നതാണ്. പരാതികൾ ഗൗരവത്തിലെടുക്കുമെന്നും പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.
 

Latest News