റിയാദ് - തലസ്ഥാന നഗരിയിലെ ഹോട്ടലിൽ മിച്ചം വരുന്ന ഭക്ഷണങ്ങൾ നിർധനർക്കിടയിൽ വിതരണം ചെയ്യാൻ ആതിഥേയ, ടൂറിസം മേഖലയിലെ മുൻനിര കമ്പനിയായ ഈലാഫ് ഗ്രൂപ്പും വിവാഹാഘോഷങ്ങളിലും മറ്റും മിച്ചം വരുന്ന വരുന്ന ഭക്ഷണം ശേഖരിച്ച് പേക്ക് ചെയ്ത് നിർധനർക്കിടയിൽ വിതരണം ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഖൈറാത്ത് സൊസൈറ്റിയും സഹകരണ കരാർ ഒപ്പുവെച്ചു. റിയാദ് എക്‌സിബിഷൻ, കോൺഫറൻസ് സെന്ററിൽ നടന്ന സൗദി ടൂറിസം ഫോറത്തിനിടെയാണ് ഈലാഫ് ഗ്രൂപ്പും ഖൈറാത്ത് സൊസൈറ്റിയും കരാർ ഒപ്പുവെച്ചത്. ഈലാഫ് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആദിൽ ഇസ്സത്തും ഖൈറാത്ത് സൊസൈറ്റി പ്രതിനിധി അബ്ദുല്ല അൽസുബൈഇയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കരാർ പ്രകാരം ഈലാഫ് ഗ്രൂപ്പിനു കീഴിൽ റിയാദിലുള്ള ജോദിയാൻ ഹോട്ടലിൽ മിച്ചം വരുന്ന ഭക്ഷണങ്ങൾ ഖൈറാത്ത് സൊസൈറ്റിക്ക് കൈമാറും. ഏറ്റവും മികച്ച പേക്കിംഗ് വസ്തുക്കളും സമ്പ്രദായങ്ങളും ഉപയോഗിച്ചും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ഖൈറാത്ത് സൊസൈറ്റി ഭക്ഷണങ്ങൾ പേക്ക് ചെയ്ത് നിർധനർക്കിടയിൽ വിതരണം ചെയ്യും. ഭക്ഷണങ്ങൾ പാഴാക്കപ്പെടാതെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈലാഫ് ഗ്രൂപ്പ് ഹോട്ടുകളിലെ ജീവനക്കാർക്കിടയിൽ അവബോധം ഉയർത്താനും കരാറിലൂടെ ലക്ഷ്യമിടുന്നു.
ആതിഥേയ മേഖലയിലെ മുൻനിര കമ്പനിയായ ഈലാഫ് ഗ്രൂപ്പ് 40 വർഷത്തിലേറെ മുമ്പാണ് സ്ഥാപിതമായത്. ഗ്രൂപ്പിനു കീഴിൽ ജിദ്ദയിലും റിയാദിലും മക്കയിലും മദീനയിലും കണ്ണായ സ്ഥലങ്ങളിൽ ഹോട്ടലുകളുണ്ട്. ഏറ്റവും ഉയർന്ന ഗുണനിലവാര, കാര്യക്ഷമതാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹജ്, ഉംറ സേവനങ്ങൾ നൽകുന്നതിനാൽ ആഗോള തലത്തിലും ഗ്രൂപ്പിന് പ്രത്യേക സ്ഥാനമുണ്ട്.