ചണ്ഡിഗഢ് - ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിന് പിന്നാലെ പഞ്ചാബിലും കോൺഗ്രസുമായുള്ള സഖ്യം തള്ളി ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയായ ആം ആദ്മി പാർട്ടി രംഗത്ത്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബിൽനിന്നുള്ള ആപ് പ്രഹരം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ ഭഗവന്ത് മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസുമായി സഖ്യം ചേരാനില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.എ.പി എല്ലാ സീറ്റുകളിലും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ആപിന് വിജയം സുനശ്ചിതമാണ്. വൻ വിജയത്തോടെ ആം ആദ്മി പാർട്ടി രാജ്യത്തെ താരമായി മാറുമെന്നും ഛണ്ഡീഗഡിലെ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബംഗാളിൽനിന്നും പഞ്ചാബിൽനിന്നുമുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ അമ്പരപ്പിലാണ് കോൺഗ്രസ് നേതൃത്വം. ഇരു പാർട്ടി നേതൃത്വവുമായും പ്രാദേശിക നേതൃത്വവുമായും സംസാരിച്ച് ചർച്ചയിലൂടെ അനുകൂല തീരുമാനത്തിൽ എത്താനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. തെരഞ്ഞെടുപ്പിൽ അതത് സംസ്ഥാനങ്ങളിൽ പരമാവധി സീറ്റുകൾ സമ്പാദിച്ച ശേഷം സർക്കാർ രൂപീകരണത്തിൽ അവശ്യമെങ്കിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാകാമെന്ന നിലപാടിലാണിപ്പോൾ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമുള്ളത്. എന്നാൽ, ഇന്ത്യാ മുന്നണി കക്ഷികൾ ഏകോപനമില്ലാതെ സംസ്ഥാനങ്ങളിൽ പരസ്പരം പോരടിച്ചാൽ ബി.ജെ.പിക്ക് വീണ്ടും കാര്യങ്ങൾ എളുപ്പമാകുമെന്നാണ് കോൺഗ്രസ് വീണ്ടും വീണ്ടും ഓർമപ്പെടുത്താൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യാ മുന്നണിയിൽ വരുംനാളിൽ കൂടുതൽ യോജിച്ച തീരുമാനം ഉണ്ടാക്കിയെടുക്കാമെന്ന പ്രതീക്ഷ തന്നെയാണ് കോൺഗ്രസ് ക്യാമ്പ് വെച്ചുപുലർത്തുന്നത്.