Sorry, you need to enable JavaScript to visit this website.

ടിക് ടോക് വീഡിയോ ഷൂട്ട് അതിര് കടന്നു,   ശുചിമുറിയിലെ കണ്ണാടികള്‍ നീക്കം ചെയ്തു 

ന്യൂയോര്‍ക്ക്- വിദ്യാര്‍ത്ഥികളുടെ ടിക് ടോക് വീഡിയോ ചിത്രീകരണം അതിരു കടന്നതോടെ ശുചിമുറിയിലെ കണ്ണാടികള്‍ നീക്കം ചെയ്ത് സ്‌കൂള്‍ അധികൃതര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള സതേണ്‍ അലമാന്‍സ് മിഡില്‍ സ്‌കൂളിലാണ് ശുചിമുറിയിലെ കണ്ണാടികള്‍ നീക്കം ചെയ്യേണ്ടി വന്നത്. ഒഴിവു സമയങ്ങള്‍ക്ക് പുറമേ ക്ലാസ് കട്ട് ചെയ്തും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം ടിക് ടോക് വീഡിയോകള്‍ ചിത്രീകരിക്കുന്നതിനായി ശുചിമുറിക്കുള്ളില്‍ തങ്ങുന്നത് പതിവാക്കിയതോടെയാണ് അധികൃതരുടെ ഈ നടപടി.
ദി ഡെയ്‌ലി മെയിലിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ടിക്ടോക്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം ഏഴ് മുതല്‍ എട്ട് തവണ വരെ ക്ലാസുകള്‍ കട്ട് ചെയ്ത് ശുചിമുറിക്കുള്ളില്‍ സമയം ചെലവഴിക്കുമായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. അധ്യാപകരുടെയോ മറ്റു സ്‌കൂള്‍ ജീവനക്കാരുടെയോ ശ്രദ്ധ അത്ര വേഗത്തില്‍ പതിയില്ല എന്ന ഉറപ്പുള്ളതിനാലായിരുന്നു ശുചിമുറിക്കുള്ളിലെ കണ്ണാടികള്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരണം നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ പതിവാക്കിയത്. ഇതോടെ വിദ്യാര്‍ത്ഥികളെ മിക്കവാറും ക്ലാസില്‍ കിട്ടാതെയായി. അങ്ങനെയാണ് ശുചിമുറിയിലെ കണ്ണാടി നീക്കം ചെയ്യാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്.
സ്‌കൂള്‍ അധികൃതരുടെ സമീപനത്തെ രക്ഷിതാക്കളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പിന്തുണച്ചു. സ്‌കൂളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും തടയണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ചിലര്‍ കുറിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്ന സാധാരണ മൊബൈല്‍ ഫോണുകള്‍ മാത്രമേ സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമുള്ളൂ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ നിന്നും കുട്ടികളെ പൂര്‍ണമായും അകറ്റി നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അധ്യാപകരുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകളാണ് വേണ്ടതെന്ന അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

Latest News