(മുക്കം) കോഴിക്കോട് - കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ റൂട്ടിലെ ആനക്കല്ലുംപാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത കാവനൂർ കാരപ്പറമ്പ് പുത്തൻ പീടിക മുനീബ് (32) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മുഹമ്മദ് അനീസിനെ പരുക്കുകളോടെ മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് അപകടമുണ്ടായത്. ഇരുവരും വിനോദ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്ക് ഏതാണ്ട് 50 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. ഉടനെ നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഒരാൾ മരിക്കുകയായിരുന്നു.
ഈ പ്രദേശത്തു അപകടം സ്ഥിരം കാഴ്ചയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുമാസം മുമ്പ് ഇതേസ്ഥലത്ത് വച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ടു വിദ്യാർത്ഥികളും മരിച്ചിരുന്നു.