Sorry, you need to enable JavaScript to visit this website.

ഹജില്‍ കണ്ടത് ഒരുമയുടെ മഹാവിജയം; സൗദി അറേബ്യക്ക് എല്ലാ ഹാജിമാരും ഒരുപോലെ

ജിദ്ദ - ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും എത്തുന്ന മുഴുവൻ തീർഥാടകരെയും സൗദി അറേബ്യ ഒരേപോലെയാണ് കാണുന്നതെന്നും എല്ലാവരോടും സമദൂരമാണ് രാജ്യം പാലിക്കുന്നതെന്നും ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ പറഞ്ഞു. ഹജ് മിഷൻ ഓഫീസ് മേധാവികളെ ആദരിക്കുന്നതിന് ജിദ്ദ ഹിൽട്ടൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീർഥാടകർക്കിടയിൽ വിവേചനങ്ങൾ കാണിക്കുന്നില്ല. ഹജിനെ രാഷ്ട്രീവൽക്കരിക്കുന്നത് സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ല. 


എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചതാണ് ഈ വർഷത്തെ ഹജ് വലിയ വിജയമാക്കി മാറ്റിയത്. ഹജ് മിഷൻ അധികൃതരും ഇക്കാര്യത്തിൽ വലിയ രീതിയിൽ സഹകരിച്ചു. ഹജുമായി ബന്ധപ്പെട്ട നിർദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിന് ഹജ് മിഷൻ അധികൃതർ തങ്ങളുടെ തീർഥാടകരെ പ്രേരിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഹജിനെ ദുരുപയോഗിക്കുന്നതിനെ രാജ്യവും ഭരണാധികാരികളും നിരാകരിക്കുന്നു. ഹജ് തീർഥാടകരുടെ രാജ്യമോ വംശമോ ആശയ ചിന്താധാരകളോ പരിഗണിക്കാതെ എല്ലാവരോടും സമദൂരമാണ് രാജ്യം പാലിക്കുന്നത്. എല്ലാവരുടെയും രക്ഷിതാവും പ്രവാചകനും ഖിബ്‌ലയും ഒന്നാണ്. ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ നവീകരിക്കുന്നതിന് സൗദി ഭരണാധികാരികൾ ആഗ്രഹിക്കുന്നുണ്ട്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ ഹജ്, ഉംറ തീർഥാടകർക്ക് ലഭ്യമാക്കുന്നതിനാണ് ശ്രമം. ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിൽ 82 ലേറെ സർക്കാർ വകുപ്പുകൾ പങ്കാളിത്തം വഹിക്കും. സാധ്യമായത്ര കൂടുതൽ മുസ്‌ലിംകൾക്ക് ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനും പ്രവാചക മസ്ജിദിൽ സിയാറത്ത് നടത്തുന്നതിനും സൗദിയിലെ സാംസ്‌കാരിക, ചരിത്ര, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും അവസരമൊരുക്കുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. 
ഓരോ വർഷം കഴിയുന്തോറും പുണ്യസ്ഥലങ്ങളിൽ പുതിയ പുതിയ വികസന പദ്ധതികൾ നടപ്പാക്കി തീർഥാകർക്ക് പ്രയാസമേതും കൂടാതെ ഹജ് നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന പ്രയത്‌നങ്ങൾ സന്തോഷവും സംതൃപ്തിയും നൽകുന്നതായി ഹജ് മിഷൻ മേധാവികളെ പ്രതിനിധീകരിച്ച് ചടങ്ങിൽ സംസാരിച്ച നൈജർ ഹജ് മന്ത്രി ജിബ്‌രീൽ ബൂകാരി അഹ്മദ് പറഞ്ഞു. 
ലോക മുസ്‌ലിംകൾക്ക് പരസ്പരം കാണുന്നതിനും പരിചയപ്പെടുന്നതിനും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനുമുള്ള അവസരമാണ് ഹജ് നൽകുന്നത് എന്ന് ഹജിന് തൊട്ടുമുമ്പ് ഹജ്, ഉംറ മന്ത്രാലയം മക്കയിൽ സംഘടിപ്പിച്ച ഹജ് സെമിനാറിൽ പങ്കെടുത്തവരെ പ്രതിനിധീകരിച്ച് സംസാരിച്ച പാരീസ് ഇസ്‌ലാമിക് സെന്റർ ഇമാമും ഖതീബുമായ അബൂതാലിഹ് അൽഅഅ്‌റാബി പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷ ഇസ്‌ലാമിക് ലോകത്തിന്റെയും ലോക മുസ്‌ലിംകളുടെയും മൊത്തം സുരക്ഷയാണെന്നും അബൂതാലിഹ് അൽഅഅ്‌റാബി പറഞ്ഞു. ചടങ്ങിന്റെ സമാപനത്തിൽ ഹജ് റിപ്പോർട്ട് ചെയ്യുന്നതിൽ പങ്കെടുത്ത പ്രാദേശിക മാധ്യമങ്ങളെ ഹജ്, ഉംറ മന്ത്രി ആദരിച്ചു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്തും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. 
 

Latest News