Sorry, you need to enable JavaScript to visit this website.

സൗദിയ യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർധന

ജിദ്ദ- ദേശീയ വിമാന കമ്പനിയായ സൗദിയയിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണത്തിൽ 21 ശതമാനം വർധന രേഖപ്പെടുത്തി. മൂന്നു കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ കൊല്ലം സൗദിയ സർവീസുകൾ ഉപയോഗപ്പെടുത്തിയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 36 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആകെ 1,76,300 ലേറെ സർവീസുകളാണ് സൗദിയ നടത്തിയത്. 
2019 നെ അപേക്ഷിച്ച് 2023 ൽ ജിദ്ദ എയർപോർട്ട് വഴി സൗദിയയിൽ ട്രാൻസിറ്റ് ആയി യാത്ര ചെയ്തവരുടെ എണ്ണം 77 ശതമാനം തോതിൽ വർധിച്ചു. കൂടുതൽ സീറ്റ് കപ്പാസിറ്റിയും ഫ്‌ളൈറ്റുകളും നൽകാനും 86.44 ശതമാനം ഫ്‌ളൈറ്റ് സമയനിഷ്ഠ കൈവരിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തന മാതൃക വികസിപ്പിച്ചതിന്റെ ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. ഫ്‌ളൈറ്റ് കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പത്തു വിമാന കമ്പനികളിൽ ഒന്നായി സൗദിയ മാറി. 
കഴിഞ്ഞ വർഷം സൗദിയയുടെ അന്താരാഷ്ട്ര സർവീസുകളിൽ 1.67 കോടിയിലേറെ പേർ യാത്ര ചെയ്തു. അന്താരാഷ്ട്ര സർവീസുകൾ 19 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷം 79,400 അന്താരാഷ്ട്ര സർവീസുകളാണ് സൗദിയ നടത്തിയത്. അന്താരാഷ്ട്ര സർവീസുകളിൽ സൗദിയ വിമാനങ്ങൾ ആകെ 3,82,000 മണിക്കൂർ പറന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം അന്താരാഷ്ട്ര സർവീസുകളിൽ ഫ്‌ളൈറ്റ് സമയം 26 ശതമാനം തോതിൽ വർധിച്ചു. 
ആഭ്യന്തര സർവീസുകളിൽ 1.35 കോടി പേരാണ് യാത്ര ചെയ്തത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഏഴു ശതമാനം വർധന രേഖപ്പെടുത്തി. ആകെ സർവീസുകളിൽ 55 ശതമാനം ആഭ്യന്തര സർവീസുകൾക്ക് നീക്കിവെച്ചു. കഴിഞ്ഞ വർഷം സൗദിയ 96,900 ഓളം ആഭ്യന്തര സർവീസുകളാണ് നടത്തിയത്. ആഭ്യന്തര സർവീസുകളിൽ വിമാനങ്ങൾ ആകെ 1,63,000 മണിക്കൂർ പറന്നു. കഴിഞ്ഞ കൊല്ലം റെഡ് സീ ഡെസ്റ്റിനേഷനിലേക്ക് സർവീസ് ആരംഭിച്ചത് കമ്പനിയുടെ പ്രകടനത്തിലെ പ്രധാന സവിശേഷതയാണ്. ഏതാനും വിദേശ നഗരങ്ങളിലേക്കും പുതുതായി സർവീസുകൾ ആരംഭിച്ചു. 
ഈ വളർച്ചാ നിരക്കുകൾ കൈവരിച്ചത് സൗദിയയുടെ പ്രവർത്തന പദ്ധതി വിജയകരമായതിന്റെ സൂചകമാണെന്ന് സൗദിയ സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹിം അൽകശി പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിമാനങ്ങൾ സൗദിയയുടെ പ്രവർത്തന സംവിധാനത്തിൽ കൂട്ടിച്ചേർക്കപ്പെടും. ഇതിലൂടെ യാത്രക്കാരുടെയും സർവീസുകളുടെയും എണ്ണം റെക്കോർഡ് തലത്തിൽ ഉയരും. നിലവിൽ സൗദിയക്കു കീഴിൽ വ്യത്യസ്ത ഇനങ്ങളിൽ പെട്ട 144 വിമാനങ്ങളാണുള്ളത്. നാലു ഭൂഖണ്ഡങ്ങളിലെ 100 ലേറെ നഗരങ്ങളിലേക്ക് സൗദിയ സർവീസുകൾ നടത്തുന്നു. 
ട്രാൻസിറ്റ് യാത്രക്കാരുടെ സേവനത്തിന് കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഹബ് ആയി ജിദ്ദ എയർപോർട്ടിനെ മാറ്റാൻ ശ്രമിക്കുന്നതിലൂടെ കൂടുതൽ വളർച്ച കൈവരിക്കാൻ സൗദിയ ആഗ്രഹിക്കുന്നു. ഇതോടൊപ്പം അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും നിർമിത ബുദ്ധി സാങ്കേതികവിദ്യകളിലൂടെയും സംവിധാനങ്ങളുടെ ആധുനികവൽക്കരണത്തിലൂടെയും അതിഥികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ സമൂലമായ വികസനവും നടപ്പാക്കുന്നുണ്ടെന്ന് സൗദിയ സി.ഇ.ഒ പറഞ്ഞു.
 

Latest News