Sorry, you need to enable JavaScript to visit this website.

മഹാരാജാസ് കോളേജ് അധ്യാപകൻ നിസാമുദ്ദീന്റെ നിയമനം ക്രമക്കേടുകൾ നിറഞ്ഞത് -ഫ്രറ്റേണിറ്റി

ഫ്രറ്റേണിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ
  • അന്വേഷണം നടത്തി പുറത്താക്കണമെന്ന് ആവശ്യം

കൊച്ചി - വിദ്യാർഥിനികളെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും പെരുമാറ്റ ദൂഷ്യങ്ങൾ കൊണ്ടും ഒട്ടേറെ പരാതികൾ നേരിട്ട ഇടതു സഹയാത്രികനും മഹാരാജാസ് കോളേജ് സ്റ്റാഫ് അഡ്വൈസറുമായ ഡോക്ടർ കെ എം നിസാമുദ്ദീൻ മരുതയുടെ നിയമനം ക്രമക്കേടുകൾ നിറഞ്ഞതാണെന്നും അന്വേഷണം നടത്തി പുറത്താക്കലുൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.
ഭിന്നശേഷി ക്വോട്ടയടക്കം അട്ടിമറിച്ചാണ് കെ.എം നിസാമുദ്ധീന് പിഎസ്‌സി വഴി മഹാരാജാസിൽ നിയമനം നൽകിയത് എന്ന് രേഖകള്ർ വ്യക്തമാക്കുന്നുണ്ട്. എഴുത്തു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വ്യക്തിയും തൊണ്ണൂറ്റിനാലാം റാങ്കുകാരനായ നിസാമുദ്ദീനും ആണ് നിയമനം നേടിയത്. രണ്ടുപേരും ഇന്റർവ്യൂവിൽ നേടിയത് ആകട്ടെ 14 മാർക്കും. എഴുത്തു പരീക്ഷയിൽ  ഉയർന്ന റാങ്ക് നേടിയ (68 മാർക്ക് )വ്യക്തിയും ഇദ്ദേഹവും (34 മാർക്ക് ) തമ്മിൽ ഇത്രയധികം വ്യതിയാനമുണ്ടായിട്ടും രണ്ടു പേർക്കും ഇന്റർവ്യുവിൽ ഒരേ മാർക്ക് ലഭിച്ചത് സംശയകരമാണ്.  കേൾവി പരിമിതികളുള്ള ക്വോട്ട നേടിയെടുത്തതാണ് ഇദ്ദേഹം നിയമനം നേടിയതെന്ന് രേഖകളിൽ വ്യക്തമാണ്. എന്നാൽ കലോത്സവവേദികളിൽ അടക്കം കേൾവി പരിമിതിക്ക് ആവശ്യമായ    ഒരു ഉപകരണവും ഇല്ലാതെ വിധികർത്താവായി ഇയാൾ പങ്കെടുത്തതും അന്വേഷിക്കപ്പെടണമെന്ന് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ   ആവശ്യപ്പെട്ടു. 


നിയമനത്തിനായി സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡിനെ വച്ച് വീണ്ടും പരിശോധനക്ക് വിധേയമാക്കണം. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും ജോലി നേടിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഈ വിഷയത്തിൽ യു.ജി.സി ക്കും ഗവർണർക്കും പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
കേൾവി പരിമിതികളുള്ള ക്വാട്ടയിൽ നിയമനം നേടിയ നിസാമുദ്ദീൻ കലോത്സവവേദികളിൽ അടക്കം കേൾവി പരിമിതിക്ക് ആവശ്യമായ   ഒരു ഉപകരണവും ഇല്ലാതെ വിധികർത്താവായി ഇയാൾ പങ്കെടുത്തതും അന്വേഷിക്കപ്പെടണം. 

മഹാരാജാസ് കോളേജിൽ അധ്യാപകനെതിരെ ഡിപ്പാർട്ട്‌മെന്റിൽ നിന്നും പത്തോളം പെൺകുട്ടികൾ ഒപ്പിട്ടു നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത കോളേജ് അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണ്. കഴിഞ്ഞ ദിവസം വിദ്യാർഥിനികളുടെ രക്ഷിതാക്കളും പ്രിൻസിപ്പലിന് പരാതി നൽകുകയും ഇതേ അധ്യാപകന്റെ ക്ലാസ്സിൽ കുട്ടികളെ പറഞ്ഞയക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം.  നേരത്തെ ഇതേ അധ്യാപകൻ പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്വഭാവ ദൂഷ്യത്തിന് മോശം പെരുമാറ്റത്തിനും നിരവധി പരാതി നേരിടുകയും പുറത്താക്കപ്പെടുകയും ചെയ്ത അധ്യാപകൻ കൂടിയാണ് നിസാമുദ്ദീനെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു. അവസാനം പ്രവർത്തിച്ച കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്നും മോശം പെരുമാറ്റത്തിനു പുറത്താക്കപ്പെട്ട് എ.കെ.ജി.സി.ടി.എ തന്നെ മാറ്റി നിർത്തിയതിനു ശേഷം ഇതേ അധ്യാപകന് അട്ടിമറി നിയമനം നൽകികൊണ്ടുകൂടിയാണ് മഹാരാജാസിൽ നിയമനം നൽകിയിരിക്കുന്നത്. 

നേരത്തെ അദ്ദേഹം പ്രവർത്തിച്ച തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലും സ്വഭാവ ദൂഷ്യത്തിന് പെൺകുട്ടികൾ ഉൾപ്പെടെ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. ഇതേകാലയളവിൽ (2012 - 2017) എങ്ങിനെയാണ് ഫുൾടൈം പി.എച്ച്.ഡി നേടിയത് എന്നും  വ്യക്തമാക്കണം. 

ഇതേ അധ്യാപകൻ തന്നെ, തനിക്ക് ഒരു വിദ്യാർഥിയിൽ നിന്ന് മർദ്ദനമേറ്റ വിഷയത്തെ തുടർന്നാണ് കോളേജിൽ ഏറ്റവും ഒടുവിൽ നടന്ന സംഘർഷങ്ങൾക്ക് കാരണം എന്നു ചാനലുകളിൽ അടക്കം പറഞ്ഞിരുന്നത്. ഇതുൾപ്പെടെയുള്ളയുടെ യഥാർഥ്യവും അന്വേഷണത്തിലൂടെ പുറത്തുവരണം. അധ്യാപകൻ ആദ്യം മർദിച്ചു എന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിക്കൊപ്പം രണ്ടാമത് മറ്റൊരു വിദ്യാർഥിയുടെ കൂടി പേര് ചേർത്ത് ആരോപണമുന്നയിച്ചത് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന വിദ്യാർഥി യൂണിയനും സ്റ്റാഫ് അഡ്വൈസാറും തമ്മിലുള്ള ഗൂഡാലോചനയാണ്.  
കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ വിദ്യാർഥികൾക്കുമായി നിലകൊള്ളേണ്ടതിന് പകരം എസ്.എഫ്‌.ഐയുടെ കാവൽക്കാരനായി ഇത്രയധികം ആരോപണങ്ങൾ നേരിട്ട വ്യക്തി തൽസ്ഥാനത്ത് തുടരുക സാധ്യമല്ല. കോളേജ് അധികാരികൾ ഉടൻ തന്നെ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവിടണമെന്നും അല്ലാത്തപക്ഷം നിയമ - സമര പോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി തശ്രരിഫ് കെ. പി ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ ബാസിത്, മഹാരാജാസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ലാമിയ തുടങ്ങിയവരും പങ്കെടുത്തു.
 

Latest News