Sorry, you need to enable JavaScript to visit this website.

ഇന്ത്യയ്ക്ക് ആശങ്കയും വെല്ലുവിളിയും; ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലേക്ക്

മാലി- ചൈനയുടെ ചാരവൃത്തി കപ്പല്‍ മാലദ്വീപിനെ സമീപിക്കുന്നു. കപ്പല്‍ ഇന്തോനേഷ്യന്‍ തീരം പിന്നിട്ടതായും ഫെബ്രുവരി എട്ടിന് മാലിയില്‍ എത്തിച്ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതും മുഹമ്മദ് മുയിസ്സുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഇന്ത്യാ വിരുദ്ധ സമീപനങ്ങളും ചൈനീസ് ബന്ധവുമാണ് ചൈനീസ് കപ്പലിനെ മാലദ്വീപിലേക്ക് എത്തിക്കുന്നത്. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയും വെല്ലുവിളിയുമാണ്. പാക്കിസ്ഥാനിലെ കറാച്ചിയിലും ശ്രീലങ്കയിലെ ഹംബന്‍ടോട്ടയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമുള്ള തുറമുഖങ്ങളില്‍ ചൈന നേരത്തെ തന്നെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇതെല്ലാം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലെത്തുന്നത് സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാനാണെന്നും ഗവേഷണ കപ്പലാണ് ഇതെന്നുമാണ് ചൈന നല്‍കുന്ന ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഈ കപ്പല്‍ ഉപയോഗിച്ച് സമുദ്രാന്തര്‍ഭാഗങ്ങളെക്കുറിച്ച് നടത്തുന്ന പഠനത്തിലൂടെ ഭാവിയില്‍ മുങ്ങിക്കപ്പലുകളും വെള്ളത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും മറ്റും ഉപയോഗിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ചൈനയ്ക്കു ലഭ്യമാകുമെന്നത് ഇന്ത്യന്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. 

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് ഒഴിവാക്കി ശ്രീലങ്ക ചുറ്റി മാലിയിലെത്തുന്നതോടെ സമുദ്രത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യന്‍ ഉപദ്വീപില്‍ വിശാലമായൊരു ചാര ശൃംഖലയാണ് ചൈന സ്ഥാപിക്കുന്നത്.

Latest News