ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് നടക്കുമെന്ന് സൂചന

ന്യൂദല്‍ഹി- ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് നടക്കുമെന്ന വ്യക്തമാക്കി ഡല്‍ഹി ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ സര്‍ക്കുലര്‍. ദല്‍ഹിയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തയാറെടുപ്പിനായി അയച്ച സര്‍ക്കുലറിലാണ് ഏപ്രില്‍ 16ന് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള താല്‍ക്കാലിക തീയതിയായി നല്‍കിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. അതേസമയം, ഈ സര്‍ക്കുലര്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് റഫറന്‍സിനായി മാത്രമാണ് ദല്‍ഹി ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ സര്‍ക്കുലറില്‍ തീയതി നല്‍കിയിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്ത് പല ഘട്ടങ്ങളിലായിട്ടായിരിക്കും നടക്കുക. മാര്‍ച്ച് പത്തിന് മുമ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ല്‍ എപ്രില്‍ 11 മുതല്‍ മെയ് 19 വരെയുള്ള തീയിതകളില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്.

 

Latest News