Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിലെ അൽഹംറാ കൊട്ടാരം ലക്ഷ്വറി ഹോട്ടലാക്കുന്നു

അത്യാഡംബര ഹോട്ടലാക്കി മാറ്റുന്ന അൽഹംറാ കൊട്ടാരത്തിന്റെ മാതൃക.

ജിദ്ദ - പാരമ്പര്യവും ആധുനികയും സമന്വയിക്കുന്ന തനതായ ശൈലിയിൽ ജിദ്ദയിലെ അൽഹംറാ കൊട്ടാരം ലക്ഷ്വറി ഹോട്ടലാക്കി മാറ്റുന്നു. പാരമ്പര്യ തനിമ നിലനിർത്തി അത്യാധുനിക രീതിയിൽ കൊട്ടാരം ഹോട്ടലാക്കി മാറ്റാനുള്ള കരാറിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലുള്ള കമ്പനിയായ ബോട്ടിക് ഗ്രൂപ്പ്, പ്രധാന ആർക്കിടെക്റ്റായി അന്താരാഷ്ട്ര വാസ്തുവിദ്യാ ഡിഡൈസൻ കമ്പനിയായ ഒ.ബി.എം.ഐയുമായും പ്രശസ്ത ഫ്രഞ്ച് ഇന്റീരിയർ ഡിസൈനർ ജാക്വസ് ഗാർഷ്യയുമായും ധാരണയിലെത്തി. ഗംഭീരമായ വാസ്തുവിദ്യ മുതൽ ഹിജാസ് രീതിയിലുള്ള ഇന്റീരിയർ ഡിസൈനുകൾ വരെ, അതിഥികൾക്ക് ആധുനികവും ആഡംബരപൂർണവുമായ രീതിയിൽ കൊട്ടാരത്തിന്റെ ചരിത്രത്തിലേക്ക് അതുല്യമായ കാഴ്ച ഈ പങ്കാളിത്തം നൽകും. ലക്ഷ്വറി ഹോട്ടലാക്കി മാറ്റുന്ന കൊട്ടാരം സൗദി അറേബ്യയുടെ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കും. 
വാസ്തുവിദ്യാ, ഇന്റീരിയർ ഡിസൈൻ കരാറുകൾ അന്താരാഷ്ട്ര കമ്പനികൾക്ക് നൽകുന്നത് ഗുണനിലവാരത്തിന്റെയും സുസ്ഥിരതയുടെയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതി വികസിപ്പിക്കാനുള്ള സുപ്രധാനവും അനിവാര്യവുമായ ഘട്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ബോട്ടിക് ഗ്രൂപ്പ് സി.ഇ.ഒ മാർക്ക് ഡെക്കോച്ചിനിസ് പറഞ്ഞു. അൽഹംറാ കൊട്ടാരം വഹിക്കുന്ന സാംസ്‌കാരിക സ്വത്വവും പുരാതന പൈതൃകവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഒ.ബി.എം.ഐ, ഡിസൈനർ ജാക്വസ് ഗാർഷ്യ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ബോട്ടിക് ഗ്രൂപ്പ് സി.ഇ.ഒ പറഞ്ഞു.


സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി ലാൻഡ്മാർക്കുകളിൽ ഒന്നായ അൽഹംറാ കൊട്ടാരത്തിന്റെ വികസനത്തിന് വാസ്തുവിദ്യാ രൂപകൽപന ചുമതല ഏറ്റെടുക്കുന്നതിന് ബോട്ടിക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ഒ.ബി.എം.ഐ കമ്പനി സി.ഇ.ഒ ഡഗ്ലസ് ക്യൂലിഗ് സന്തോഷം പ്രകടിപ്പിച്ചു. അറബ്-ഇസ്‌ലാമിക് വാസ്തുവിദ്യയുടെ ഭാഗമായ ഹിജാസി ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച കൊട്ടാരത്തിന്റെ യഥാർഥ സ്വത്വം സംരക്ഷിക്കുന്ന നിലക്കാണ് ഡിസൈനുകൾ തയാറാക്കുക. ഇതോടൊപ്പം ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക ഐഡന്റിറ്റിയെ വേർതിരിക്കുന്ന ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് ആധുനിക സ്പർശങ്ങൾ ചേർക്കുമെന്നും ഡഗ്ലസ് ക്യൂലിഗ് പറഞ്ഞു.
കൊട്ടാരത്തിന്റെ നിലവിലെ ഇസ്‌ലാമിക വാസ്തുവിദ്യയിൽ നിന്നും ഹിജാസ് വാസ്തുവിദ്യയോടു കൂടിയ ജിദ്ദയുടെ ചരിത്രപരമായ പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്റീരിയർ ഡിസൈൻ തയാറാക്കുകയെന്ന് ഫ്രഞ്ച് ഇന്റീരിയർ ഡിസൈനർ ജാക്വസ് ഗാർഷ്യ പറഞ്ഞു. ഈ പുരാതന മാസ്റ്റർപീസിന്റെ ആധികാരിക സൗന്ദര്യത്തെ ഉയർത്തിക്കാട്ടുന്ന നിലയിൽ, പൗരസ്ത്യ ചാരുതയും നിറങ്ങളും ഷേഡുകളും സംയോജിപ്പിക്കുമെന്നും ജാക്വസ് ഗാർഷ്യ പറഞ്ഞു.
അറുപതുകളിൽ ഫൈസൽ രാജാവിന്റെ താമസ സ്ഥലം എന്നോണമാണ് അൽഹംറാ കൊട്ടാരം നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയായ ഉടൻ ഫൈസൽ രാജാവിന്റെ നിർദേശ പ്രകാരം ഇതിനെ ഒരു രാജകീയ അതിഥി കൊട്ടാരമായി പരിവർത്തിപ്പിക്കുകയായിരുന്നു. രാജ്യത്തെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കുന്ന ഔദ്യോഗിക ആസ്ഥാനമായി ഇതോടെ കൊട്ടാരം മാറി. റിച്ചാർഡ് നിക്‌സൺ, ഡയാന രാജകുമാരി, ചാൾസ് രാജാവ് എന്നിവർ അടക്കം നിരവധി രാഷ്ട്ര നേതാക്കൾക്ക് ആതിഥ്യം നൽകിയ കൊട്ടാരം രാജാവിന്റെ വിരുന്നു സൽക്കാരങ്ങൾക്കും അന്താരാഷ്ട്ര ചടങ്ങുകൾക്കും സാക്ഷ്യംവഹിച്ചു. 


ജിദ്ദ കോർണിഷിലുള്ള അൽഹംറാ കൊട്ടാരം ഇസ്‌ലാമിക്, ഹിജാസ് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പരമ്പരാഗതമായ വാസ്തുവിദ്യാ പ്രചോദനത്തിന്റെ അതിശയകരമായ സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു. ഈ സ്വാധീനങ്ങൾ കൊട്ടാരത്തിന്റെ കമാനാകൃതിയിലുള്ള കവാടങ്ങളിലും മേൽത്തട്ടിലും, സൗദിയിൽ ഖനനം ചെയ്ത മണൽ നിറത്തിലുള്ള ചുണ്ണാമ്പുകല്ല് ആയ റിയാദ് കല്ലുകൾ കൊണ്ട് നിർമിച്ച മുൻഭാഗത്തിലും കാണാൻ സാധിക്കും. 
സൗദിയിലെ പ്രശസ്തവും ചരിത്രപരവും സാംസ്‌കാരികവുമായ കൊട്ടാരങ്ങൾ വികസിപ്പിക്കാനും അവയെ അത്യാഡംബര ബോട്ടിക് ഹോട്ടലുകളാക്കി മാറ്റാനും ബോട്ടിക് ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ജിദ്ദ അൽഹംറാ കൊട്ടാരത്തിനു പുറമെ റിയാദിലെ തുവൈഖ് കൊട്ടാരവും അൽഅഹ്മർ കൊട്ടാരവും പുനരുദ്ധരിച്ച് അതിഥികൾക്ക് സംസ്‌കാരവും ചരിത്രവും ആഘോഷിക്കുന്ന അസാധാരണമായ അനുഭവം സമ്മാനിച്ച് അത്യാഡംബര ഹോട്ടുലകളാക്കി മാറ്റാനാണ് ബോട്ടിക് ഗ്രൂപ്പ് ശ്രമിക്കുന്നത്. 
 

Latest News