Sorry, you need to enable JavaScript to visit this website.

ഗാസയിൽ 24 ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; വേദനയേറിയ ദിവസമെന്ന് നെതന്യാഹു

ഗാസ/ജറുസലേം- ഗാസ മുനമ്പിലുണ്ടായ സ്‌ഫോടനത്തിൽ ഇസ്രായിലിന്റെ ഇരുപത്തിനാല് സൈനികർ കൊല്ലപ്പെട്ടു. ഹമാസിനെതിരായ യുദ്ധത്തില്‍ ഒരു ദിവസത്തിനിടെ ഇത്രയേറെ സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഹമാസ് സൈനികർ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് രണ്ട് കെട്ടിടങ്ങൾ തകർന്ന് വീണാണ് 21 സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. തെക്കൻ ഗാസയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്നാണ് ഇന്നലെ ഞങ്ങൾ അനുഭവിച്ചതെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നമ്മുടെ വീരന്മാരുടെ പേരിൽ, ഞങ്ങളുടെ ജീവിതത്തിനുവേണ്ടി, സമ്പൂർണ്ണ വിജയം വരെ ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. വരാനിരിക്കുന്ന ദശാബ്ദങ്ങളിൽ ഇസ്രായേലിന്റെ ഭാവി നിശ്ചയിക്കുന്നത് യുദ്ധമാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഹമാസിന്റെ പതനം ഒരു ആവശ്യകതയാണെന്നും ഗാലന്റ് പറഞ്ഞു.


ഇസ്രായേൽ സൈന്യം പുതുവർഷത്തിലെ ഏറ്റവും വലിയ കരയുദ്ധം നടത്തുന്നതിനിടയിലാണ് മരണങ്ങൾ സംഭവിച്ചത്. ഫലസ്തീൻ എൻക്ലേവിന്റെ തെക്ക് ഭാഗത്തുള്ള പ്രധാന നഗരമായ ഖാൻ യൂനിസിന്റെ പടിഞ്ഞാറൻ ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച മുതൽ ഈ ഭാഗത്ത് വൻ ആക്രമണമാണ് ഇസ്രായിൽ നടത്തുന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടുത്തേക്ക് എത്താൻ പോലും രക്ഷാപ്രവർത്തകർക്ക് സാധിക്കുന്നില്ല. 


ഖാൻ യൂനിസിന്റെ പ്രധാന ആതുരാലയമായ നാസർ ആശുപത്രിയുടെ ഗ്രൗണ്ടിലാണ് മരിച്ചവരെ സംസ്‌കരിക്കുന്നത്. ഖാൻ യൂനിസിലെ മറ്റൊരു  ആശുപത്രിയായ അൽഖൈറിൽ ഇസ്രായേൽ സൈന്യം ഇരച്ചുകയറി. അവിടെയുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്തു
അതേസമയം, നെതന്യാഹുവിന്റെ യുദ്ധതന്ത്രത്തിൽ ഇസ്രായിലിൽ തന്നെ അതൃപ്തിയുടെ ആദ്യ ഇളക്കങ്ങൾ കണ്ടുതുടങ്ങിയ സമയത്താണ് യുദ്ധത്തിൽ ഇസ്രായേൽ സൈനികർ കൂട്ടമായി കൊല്ലപ്പെടുന്നത്. 

Latest News