Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ യാത്രയിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്

ഗുവാഹത്തി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഗുവാഹത്തിൽ സംഘർഷം. അസം പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.  അയ്യായിരത്തോളം കോൺഗ്രസ് പ്രവർത്തകർ ഗുവാഹത്തി നഗരത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. കോൺഗ്രസ് റാലി ഗുവാഹത്തി നഗരത്തിലേക്ക് കടക്കുന്നത് തടയാൻ സംസ്ഥാന പോലീസിന്റെ വൻ സന്നാഹം സ്ഥലത്തുണ്ട്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കുകയും ചെയ്തു. പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി ബസിന് മുകളിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. 

അസമിലെ  ഹിമന്ത ബിശ്വ ശർമ്മ സർക്കാർ നേരത്തെ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ രാഹുലിന്റെ യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഗുവാഹത്തിയിൽ ഇന്ന് പ്രവൃത്തിദിനമാണെന്നും പ്രധാന നഗര റോഡുകളിലൂടെ യാത്ര അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വ്യക്തമാക്കിയ സംസ്ഥാന ഭരണകൂടം റാലി ദേശീയ പാതയിലൂടെ സഞ്ചരിക്കാൻ ആവശ്യപ്പെട്ടു. നഗരത്തിന് ചുറ്റും റിംഗ് റോഡ് പോലെ പ്രവർത്തിക്കുന്ന ദേശീയ പാത 27 ലേക്ക് പോകാൻ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. 

ഇതുവഴി ബജ്‌റംഗ് ദളും ജെ.പി നദ്ദയും റാലി നടത്തിയിട്ടുണ്ടെന്നും അവരെയൊന്നും സർക്കാർ തടഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിയമം ലംഘിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഞങ്ങൾ ദുർബലരാണെന്ന് നിങ്ങൾ കരുതരുതെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. 
അസമിലെ ജനങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. വിദ്യാർത്ഥികളുമായുള്ള എന്റെ സമ്മേളനം സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികളെ എന്നെ കാണാൻ അനുവദിക്കരുതെന്ന് അധികാരികളോട് പറഞ്ഞു. എന്നിട്ടും അവർ എന്നെ കാണാൻ വന്നു. കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയെയോ ആർ.എസ്.എസിനെയോ ഭയപ്പെടുന്നില്ല. ഞങ്ങൾ അവരെ അസമിൽ പരാജയപ്പെടുത്തും. ഉദ്യോഗസ്ഥരോട് യുദ്ധം ചെയ്യാനല്ല ഞങ്ങൾ ഇവിടെയുള്ളത്. ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി ഹിമന്തയെ നേരിടാൻ ഞങ്ങൾ ഇവിടെയുണ്ടെന്നും രാഹുൽ പറഞ്ഞു. 

നിസ്സാര കാരണങ്ങളാൽ സംസ്ഥാന ഭരണകൂടം നഗരത്തിൽ പ്രവേശനം നിഷേധിച്ചുവെന്ന് മാർച്ചിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. അസമിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. റാലി അസമിൽ പ്രവേശിച്ചത് മുതൽ, ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി തന്റെ ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളുടെ വാഹനവ്യൂഹങ്ങൾക്കും സ്വത്തുക്കൾക്കും നേതാക്കന്മാർക്കും നേരെ നിരന്തരമായ ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. 

അസം സമാധാനപരമായ സംസ്ഥാനമാണെന്നും 'നക്‌സലൈറ്റ് തന്ത്രങ്ങൾ' അതിന്റെ സംസ്‌കാരത്തിന് അന്യമാണെന്നും ഹിമന്ത ശർമ്മ പറഞ്ഞു. 'ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുൽഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ ഹാൻഡിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാനും ഞാൻ അസം ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.
 

Latest News