കോഴിക്കോട് - സ്വര്‍ണ്ണത്തിന് ചില പ്രധാന പ്രത്യേകതകളുണ്ട്. കൈയ്യില്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ അത് ഏത് നിമിഷവും പണമാക്കി മാറ്റാന്‍ കഴിയുമെന്നതാണ് ഒരു പ്രത്യേകത. വാങ്ങി കുറച്ച് കാലം സൂക്ഷിച്ച് പിന്നീട് വില്‍ക്കുമ്പോള്‍ അതിന് വില കൂടുകയല്ലാതെ കുറയുകയില്ലെതാണ് മറ്റൊന്ന്. അതായത് സ്വര്‍ണ്ണ വില എക്കാലത്തും ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ ഏത് സമയത്തും വളരെയെളുപ്പം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാവുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപമെന്നതാണ് സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
വാങ്ങല്‍ മാത്രമല്ല, വില്‍പ്പനയും തകൃതി
പുതിയ സ്വര്‍ണ്ണം വാങ്ങാന്‍ മാത്രമല്ല, പഴയ സ്വര്‍ണ്ണം വില്‍ക്കാനും സ്വര്‍ണ്ണക്കടകളില്‍ വലിയ തിരക്കാണ്. സ്വര്‍ണ്ണത്തിന്റെ വില വര്‍ധിക്കുമ്പോഴാണ് പഴയ സ്വര്‍ണ്ണം വില്‍ക്കാനായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്. അതേ പോലെ തന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ആളുകളുടെ കൈയ്യില്‍ പണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലും കൈയ്യിലുള്ള സ്വര്‍ണ്ണം വില്‍ക്കാന്‍ ആളുകള്‍ തയ്യാറാകും. വീട് പണി, വാഹനം വാങ്ങല്‍, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവ് നിര്‍വ്വഹിക്കല്‍, വായ്പ തിരിച്ചടക്കാന്‍, ചികിത്സക്കുള്ള പണം കണ്ടെത്താന്‍ തുടങ്ങി എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും പഴയ സ്വര്‍ണ്ണം വിറ്റ് കാശാക്കാന്‍ ആളുകള്‍ ജ്വല്ലറിയിലേക്ക് ഓടുന്നത് പതിവാണ്.
പുതിയ സ്വര്‍ണ്ണത്തിന്റെ വില പ്രദര്‍ശിപ്പിക്കും എന്നാല്‍ പഴയ സ്വര്‍ണ്ണത്തിന്റെ വില പറയില്ല
സ്വര്‍ണ്ണം വാങ്ങാന്‍ ചെല്ലുമ്പോള്‍ എല്ലാ ജ്വല്ലറികളിലും അന്നത്തെ സ്വര്‍ണ്ണ വില കൃത്യമായി പ്രദര്‍ശിപ്പിക്കുകയും അതിനെപ്പറ്റി ആളുകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ പഴയ സ്വര്‍ണ്ണം എത്ര രൂപയ്ക്ക് തിരിച്ചെടുക്കുമെന്ന കാര്യം ആരും പ്രദര്‍ശിപ്പിക്കാറില്ല. അതിന്റെ പ്രധാന കാരണം ഓരോ ജ്വല്ലറിക്കാരും ഓരോ വിലയിലാണ് സ്വര്‍ണ്ണം തിരിച്ചെടുക്കുന്നതെന്നതാണ്. ഇത്തരത്തിലുള്ള തിരിച്ചെടുക്കലിലാണ് തട്ടിപ്പിന്റെ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത്. പുതിയ സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താവിന് നിമയപരമായിത്തന്നെ ഒരുപാട് സംരക്ഷണങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ അത്തരം സംരക്ഷണങ്ങളൊന്നും തന്നെയില്ല. ജ്വല്ലറിക്കാര്‍ തീരുമാനിക്കുന്നതാണ് പഴയ സ്വര്‍ണ്ണത്തിന്റെ വില. വില്‍ക്കാന്‍ ചെല്ലുന്നവര്‍ ആ വിലയ്ക്ക് വിറ്റ് പണവുമായി മടങ്ങുന്നതാണ് പതിവ്.
ജ്വല്ലറിക്കാര്‍ക്ക് സ്വര്‍ണ്ണം വില്‍ക്കുന്നതിലല്ല, തിരിച്ചു വാങ്ങുന്നതിലാണ് ലാഭം
ജ്വല്ലറിക്കാര്‍ക്ക് സ്വര്‍ണ്ണം വില്‍ക്കുന്നതിനേക്കാള്‍ പലപ്പോഴും കൂടുതല്‍ ലാഭം കിട്ടുക പഴയ സ്വര്‍ണ്ണം തിരിച്ചെടുമ്പോഴാണ്. അതുകൊണ്ടാണ് മിക്ക ജ്വല്ലറിക്കാരും സ്വര്‍ണ്ണം തിരിച്ചെടുക്കുന്നതിന് താല്‍പര്യം കാണിക്കാറുള്ളത്. പുതിയ സ്വര്‍ണ്ണം വില്‍ക്കാതെ പഴയ സ്വര്‍ണ്ണം മാത്രം വാങ്ങുന്ന ചെറുകിടക്കരായ ഒറ്റമുറി ജ്വല്ലറിക്കാരെ കേരളത്തില്‍ എല്ലായിടത്തും കാണം. അവര്‍ സ്വര്‍ണ്ണക്കട എന്ന പേരിന് വേണ്ടി തൂക്കം കുറഞ്ഞ കുറച്ച് ആഭരണങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കും. എന്നാല്‍ അതില്ല, മറിച്ച് പഴയ സ്വര്‍ണ്ണം വാങ്ങുന്നതിലാണ് അവരുടെ ലാഭം മുഴുവന്‍. പുതിയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ പണിക്കൂലിയിലാണ് ജ്വല്ലറിക്കാര്‍ ലാഭം കണ്ടെത്തുന്നത്. പഴയ സ്വര്‍ണ്ണം തിരിച്ചുവാങ്ങുമ്പോഴാകട്ടെ അതിന്റെ തൂക്കത്തിലും മാറ്റിലും മറ്റും വിവിധ കാരണങ്ങള്‍ പറഞ്ഞ് വില കുറയ്ക്കുന്നു. പണത്തിന് പെട്ടെന്ന് ആവശ്യമുള്ളതുകൊണ്ട് തന്നെ ആവശ്യക്കാരന്‍ മറ്റൊന്നും ആലോചിക്കാതെ കിട്ടിയ വിലയ്ക്ക് സ്വര്‍ണ്ണം വില്‍ക്കുന്നു.
ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണമാണ് വില്‍ക്കുന്നതെങ്കില്‍ പെട്ടത് തന്നെ
സ്വര്‍ണ്ണത്തിന്റെ പരുശുദ്ധി ഉറപ്പു വരുത്തുന്നതാണ് ഐ എസ് ഐ ഹാള്‍മാര്‍ക്ക്. ഇപ്പോള്‍ അത് HUID ഹാള്‍മാര്‍ക്ക് ആയി പരിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ പണ്ട് വാങ്ങിയ സ്വര്‍ണ്ണത്തിനും വീട്ടില്‍ പരമ്പരാഗതമായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിനുമൊന്നും പരുശുദ്ധിയുടെ അടയാളമായ ഹാള്‍മാര്‍ക്ക് ഉണ്ടാകില്ല. അത്തരം സ്വര്‍ണ്ണമാണ് വില്‍ക്കാന്‍ കൊണ്ടു ചെല്ലുന്നതെങ്കില്‍ കോളടിക്കുന്നത് ജ്വല്ലറിക്കാര്‍ക്കാണ്. സ്വര്‍ണ്ണത്തിന് എത്ര പരിശുദ്ധിയുണ്ടെന്ന കാര്യം ജ്വല്ലറിക്കാര്‍ തീരുമാനിക്കും അതിനനുസരിച്ച് അവര്‍ ഒരു വിലയിടും വില്‍ക്കാന്‍ കൊണ്ടു വരുന്നവര്‍ക്ക് അതനുസരിച്ച് പണം വാങ്ങിക്കുക മാത്രമേ നിവൃത്തിയുള്ളൂ. പരിശുദ്ധി തീരെ കുറവാണെന്നും, ആഭരണത്തില്‍ ചെമ്പ് കൂടുതലാണെന്നും, തേയ്മാനം ധാരാളമുണ്ടെന്നും മറ്റുമുള്ള ജ്വല്ലറിക്കാരന്റെ തട്ടിപ്പ് തന്ത്രത്തില്‍ പെട്ട് പഴയ സ്വര്‍ണ്ണം കിട്ടുന്ന വിലയ്ക്ക് വില്‍ക്കുക മാത്രമേ രക്ഷയുള്ളൂ. അതാകട്ടെ പുതിയ സ്വര്‍ണ്ണത്തിന്റെ അന്നത്തെ വിലയേക്കാള്‍ എത്രയോ കുറവായിരിക്കും. ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണ്ണമാണെങ്കില്‍ പവന് മാര്‍ക്കറ്റ് വിലയേക്കാള്‍ മുവ്വായിരവും നാലായിരവുമൊക്കെ കുറവാണ് സ്വര്‍ണ്ണക്കച്ചവടക്കാര്‍ പലപ്പോഴും പറയുക. ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ വിവിധ ജ്വല്ലറികളില്‍ കയറിയിറങ്ങി ഏറ്റവും കൂടുതല്‍ വില തരുന്നവര്‍ക്ക് സ്വര്‍ണ്ണം വില്‍ക്കുക മാത്രമേ രക്ഷയുള്ളൂ.
പഴയ സ്വര്‍ണ്ണം വിറ്റ് പുതിയ സ്വര്‍ണ്ണം വാങ്ങുന്നത് നല്ലതാണ്. ഭാവിയില്‍ ഉപകരിക്കും
പരിശുദ്ധിയുടെ അടയാളമായ ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം കൈവശമുള്ളവര്‍ അത് എത്രയും വേഗം വിറ്റ് പകരം പുതിയ സ്വര്‍ണ്ണം വാങ്ങുന്നത് നല്ലതാണ്. കാരണം ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണ്ണം പരുശുദ്ധിയുടെ പേര് പറഞ്ഞ് എപ്പോഴും മൂല്യം വളരെ കുറച്ച് മാത്രം കണക്കാക്കിയാകും തിരിച്ചെടുക്കുക. പഴയത്ിന് പരമാവധി വില എവിടെ കിട്ടുമെന്ന് കണ്ടു പിടിച്ച് അവ കൊടുത്ത് പകരം HUID ഹാള്‍മാര്‍ക്കുള്ള പുതിയ സ്വര്‍ണ്ണം വാങ്ങിവെച്ചാല്‍ പിന്നീട് അത് വില്‍ക്കുമ്പോള്‍ പരിശുദ്ധിയുടെ പേരില്‍ ജ്വല്ലറിക്കാരുടെ തട്ടിപ്പിനിരയാകില്ല, മാത്രമല്ല ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണ്ണം ഭാവിയില്‍ തിരിച്ചു വാങ്ങാന്‍ ജ്വല്ലറിക്കാര്‍ക്ക് തയ്യാറാകണമെന്നുമില്ല. പരമ്പരാഗതമായി കിട്ടിയ സ്വര്‍ണ്ണത്തിന് പലപ്പോഴും ഹാള്‍ മാര്‍ക്ക് ഉണ്ടായിരിക്കില്ല. അതേ പോലെ ജ്വല്ലറിയില്‍ നിന്നല്ലാതെ സ്വര്‍ണ്ണപ്പണിക്കാരനെക്കൊണ്ട് പണിയിച്ച ആഭരണങ്ങളിലും ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. ഇത്തരത്തിലുള്ള ധാരാളം സ്വര്‍ണ്ണം കേരളത്തിലെ വീടുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. കൈയ്യിലുള്ള ആഭരണ ശേഖരം പരിശോധിച്ച് ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണ്ണമുണ്ടെങ്കില്‍ വിറ്റ് പുതിയത് വാങ്ങാന്‍ ശ്രമിക്കുക.
തൂക്കത്തിലെ തട്ടിപ്പ്
പഴയ സ്വര്‍ണ്ണം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ തൂക്കത്തില്‍ കുറവ് കാട്ടി ഉപഭോക്താവിനെ പറ്റിക്കുന്ന നിരവധി സ്വര്‍ണ്ണക്കച്ചവടക്കാരുണ്ട്. ബ്രാന്‍ഡഡ് ജ്വല്ലറികളും മറ്റ് വിശ്വസ്ത ജ്വല്ലറികളും മറ്റും ഇത് ചെയ്യാറില്ലെങ്കിലും തട്ടിപ്പ് നടത്തുന്നവര്‍ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ഒരുപാടുണ്ട്. അവരുടെ വലയില്‍ പെട്ടുപോകരുത്. തൂക്കുന്ന മെഷീനില്‍ കൃത്രിമം കാണിച്ചോ അല്ലെങ്കില്‍ സ്വര്‍ണ്ണം തൂക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങള്‍ അല്ലെങ്കില്‍ ബൗളുകള്‍ ഓരോ അവസരത്തിലും മാറ്റിയും മറ്റും തൂക്കത്തില്‍ കുറവ് വരുത്താന്‍ ഇത്തരം തട്ടിപ്പുകാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. സ്വര്‍ണ്ണം വളരെ വിലപിടിപ്പുള്ള വസ്തുവായതിനാല്‍ തൂക്കത്തില്‍ ഒരു ചെറിയ പോയന്റിന്റെ വ്യത്യാസം വന്നാല്‍ പോലും വില്‍ക്കാനായി കൊണ്ടു ചെയ്യുന്ന ആളിന് വലിയ തുകയുടെ നഷ്ടം ഉണ്ടായേക്കാം. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ പത്തിലൊരംശം തൂക്കത്തില്‍ കുറഞ്ഞാല്‍ പോലും വില്‍ക്കാന്‍ ചെല്ലുന്നവന് വലിയ തുക കുറയും. അതേപോലെ കൊണ്ടു വരുന്ന സ്വര്‍ണ്ണം പലപ്പോഴും ഒരു ബൗളില്‍ ഇട്ട് തൂക്കം കാണിച്ചു തരും. പിന്നീട് ചെളി കളയാനെന്ന പേരില്‍ ചൂടാക്കിയ ശേഷം വീണ്ടും തൂക്കം കാണിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ഉപയോഗിച്ച പാത്രം അല്ലെങ്കില്‍ ബൗളായിരിക്കില്ല പിന്നീട് ഉപയോഗിക്കുക. ആദ്യത്തേതും പിന്നീട് ഉപയോഗിക്കുന്നതും തമ്മില്‍ തൂക്കത്തില്‍ ചെറിയ വ്യത്യാസം കാണും. ചൂടാക്കിയ ശേഷം പുതിയ ബൗളിലിട്ട് തൂക്കുമ്പോള്‍ നേരത്തയുണ്ടായിരുന്ന സ്വര്‍ണ്ണത്തില്‍ തൂക്കം കാര്യമായി കുറഞ്ഞത് കാണാം. എന്നാല്‍ ഈ പാത്രം മാറ്റിക്കളിയുടെ ഗുട്ടന്‍സ് നമുക്ക് മനസ്സിലാകില്ല. എല്ലാ ജ്വല്ലറിക്കാരും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരാണെന്നല്ല ഇതിന് അര്‍ത്ഥം. വളരെ സുതാര്യമായി ഉപഭോക്താവിന്റെ വിശ്വാസം ആര്‍ജ്ജിച്ച നിരവധി ജ്വല്ലറികളുണ്ട്. പ്രത്യേകിച്ച് വന്‍കിട റീട്ടെയില്‍ ജ്വല്ലറി ശൃംഖലകള്‍. എന്നാല്‍ അതിനിടയില്‍ ഒരുപാട് തട്ടിപ്പുകാരും ഉണ്ട്.
സ്വര്‍ണ്ണത്തിന്റെ തൂക്കം ആദ്യമേ മനസ്സിലാക്കി വെയ്ക്കുക
ഇത്തരം തട്ടിപ്പില്‍ പെടാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സ്വര്‍ണ്ണം വില്‍ക്കുന്നതിന് മുന്‍പ് തന്നെ കൈയ്യിലുള്ള സ്വര്‍ണ്ണത്തിന്റെ തൂക്കം കൃത്യമായി മനസ്സിലാക്കി വെയ്ക്കുകയെന്നതാണ്. വില്‍ക്കാന്‍ കൊണ്ടു പോകുന്നതിന് മുന്‍പ് തന്നെ മറ്റേതെങ്കിലും ജ്വല്ലറിയില്‍ കൊണ്ടു പോയി സ്വര്‍ണ്ണത്തിന്റെ തൂക്കം നോക്കുകയും അത് കുറിച്ച് വെയ്ക്കുകയും ചെയ്യുക. ഒട്ടുമിക്ക ജ്വല്ലറിക്കാരും ഇത് സൗജന്യമായി ചെയ്ത് തരും. ഇങ്ങനെ തൂക്കി നോക്കി കൃത്യമായി തൂക്കം അറിഞ്ഞ ശേഷം മാത്രം വില്‍ക്കാനായി സ്വര്‍ണ്ണക്കടക്കാരെ സമീപിക്കുക. അവിടെ അവര്‍ തൂക്കത്തില്‍ കുറവ് പറയുന്നുണ്ടെങ്കില്‍ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കാം. പിന്നെ അവിടെ വില്‍ക്കേണ്ട കാര്യമില്ല.
പഴയ സ്വര്‍ണ്ണത്തിന് വന്‍കിട ജ്വല്ലറികളേക്കാള്‍ വില ചില ഒറ്റമുറി കച്ചവടക്കാര്‍ തരുന്നു. അതിന്റെ ഗുട്ടന്‍സ് എന്താണ് ?
വിശ്വസ്തമായ ജ്വല്ലറികള്‍ പഴയ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അന്നത്തെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് ചെറിയ ഒരു തുക മാത്രമേ കുറയക്കുകയുള്ളൂ. അതായത് ഗ്രാമിന് പത്ത് രൂപ മുതല്‍ പരമാവധി നൂറ് രൂപ വരെ. അതില്‍ കൂടുതല്‍ കുറയ്ക്കുന്നവര്‍ക്ക് സ്വര്‍ണ്ണം വില്‍ക്കേണ്ട കാര്യമില്ല. അത് വലിയ നഷ്ടത്തില്‍ കലാശിക്കും. തങ്ങള്‍ വിറ്റ സ്വര്‍ണ്ണമാണെങ്കില്‍ അത് തിരിച്ചെടുക്കുമ്പോള്‍ വന്‍കിട ജ്വല്ലറിക്കാര്‍ പലരും മൂല്യം കുറയ്ക്കാതെ അന്നതെ വില തന്നെ നല്‍കാറുണ്ട്. എന്നാല്‍ ചെറുകിട ജ്വല്ലറിക്കാരില്‍ ചിലര്‍, പ്രത്യേകിച്ച്, സ്വര്‍ണ്ണം വില്‍ക്കാതെ പഴയ സ്വര്‍ണ്ണം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ അന്നത്തെ മാര്‍ക്കറ്റ് വിലയില്‍ ഒരു നയാപൈസ കുറവില്ലാതെ തരാമെന്ന് ഓഫര്‍ പറയും. മാത്രമല്ല ചൂടാക്കി ആഭരണത്തിലെ ചളി പോക്കുകയൊന്നും വേണ്ടെന്നും പറയും. ഹാള്‍മാര്‍ക്കിംഗ് ഇല്ലെങ്കിലും അവര്‍ പൈസ കുറയക്കില്ല. ഇത്തരക്കാരെ സൂക്ഷിക്കണം. അവര്‍ നിങ്ങളെ പറ്റിക്കുക സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവ് വരുത്തിയാണ്. മാര്‍ക്കറ്റ് വില തന്നെ അവര്‍ തരും. പക്ഷേ യഥാര്‍ത്ഥ തൂക്കം ഉണ്ടാകില്ല. നിരവധി ആളുകളാണ് ഇത്തരത്തില്‍ വഞ്ചിതരാകുന്നത്. വില്‍ക്കാന്‍ ചെല്ലുന്ന ആളിന് കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ തൂക്കം കൃത്യമായി അറിയുകയും അതേ തൂക്കം തന്നെ ജ്വല്ലറിക്കാരന്‍ പറയുകയും ചെയ്താല്‍ മാര്‍ക്കറ്റ് വില ഓഫര്‍ ചെയ്യുന്ന കച്ചവടക്കാരന് ധൈര്യമായി സ്വര്‍ണ്ണം വില്‍ക്കാം. എന്നാല്‍ തൂക്കത്തില്‍ സമാനതയുണ്ടാകാനമുള്ള സധ്യത വളരെ കുറവാണ്.
വില്‍ക്കാന്‍ ചെല്ലുമ്പോള്‍ ബില്ല് കൂടി കൊണ്ടു പോകുക
സ്വര്‍ണ്ണം എപ്പോള്‍ വില്‍ക്കുകയാണെങ്കിലും ആളുകള്‍ വിശ്വാസമര്‍പ്പിച്ച ജ്വല്ലറികളെ തന്നെ സമീപിക്കുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോള്‍ തട്ടിപ്പിനിരയാകില്ല. അടുത്തകാലത്ത് വാങ്ങിയ സ്വര്‍ണ്ണമാണ് വില്‍ക്കുന്നതെങ്കില്‍ വാങ്ങിയ സമയത്തെ ബില്ല് കൈവശമുണ്ടെങ്കില്‍ അത് കൂടി വില്‍ക്കുമ്പോള്‍ കാണിക്കുന്നത് നല്ലതാണ്. അതാകുമ്പോള്‍ തൂക്കത്തില്‍ കുറവ് വരുത്തില്ല. തട്ടിപ്പില്‍ പെടാതിരിക്കാനായി വാങ്ങിയ ജ്വല്ലറിയില്‍ തന്നെ കൊണ്ടു പോയി സ്വര്‍ണ്ണം വില്‍ക്കാന്‍ പരമാവധി ശ്രമിക്കുക. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ചും മറ്റും ഒരു കുറ്റവും അവര്‍ക്ക് പറയാനുണ്ടാകില്ല.
സ്വര്‍ണ്ണം ചൂടാക്കുമ്പോള്‍ നമ്മുടെ മുന്നില്‍ നിന്ന് അത് ചെയ്യാന്‍ പറയുക
തട്ടിപ്പിന് കളമൊരുങ്ങുന്ന മറ്റൊരു സംഗതിയാണ് സ്വര്‍ണ്ണാഭരണത്തിലുള്ള അഴുക്ക് കളയാനായി സ്വര്‍ണ്ണം ചൂടാക്കുകയെന്നത്. അഴുക്ക് കളഞ്ഞുള്ള സ്വര്‍ണ്ണത്തിന്റെ വിലയാണ് നമുക്ക് ലഭിക്കുക. അഴുക്ക് കളയാനെന്ന പേരില്‍ നമ്മുടെ കണ്‍വെട്ടത്തില്‍ നിന്ന് കൊണ്ടു പോയി ചൂടാക്കി തരിച്ചുകൊണ്ടു വരുമ്പോള്‍ വളരെ ചെറിയ അളവിലാണെങ്കിലും ഇത്തിരി സ്വര്‍ണ്ണമൊക്ക തട്ടിപ്പുകാര്‍ കൈവശപ്പെടുത്താനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ആഭരണത്തില്‍ നി്ന്ന് ചെറിയ സ്വര്‍ണ്ണ മണികളില്‍ ചിലതൊക്കെ ചൂടാക്കുമ്പോള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ചൂടാക്കിയ സ്വര്‍ണ്ണം ആകെ കറുത്തിരിക്കുന്ന അവസ്ഥയിലായതിനാല്‍ നമുക്ക് പെട്ടെന്ന് ഇത് കണ്ടുപിടിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം ചൂടാക്കുമ്പോള്‍ നമ്മുടെ മുന്നില്‍ വെച്ച് തന്നെ വേണമെന്ന് ജ്വല്ലറിക്കാരനോട് ആവശ്യപ്പെടാം.
കല്ല് പതിച്ച ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍
കല്ല് പതിച്ച ആഭരണങ്ങല്‍ വില്‍ക്കുമ്പോള്‍ ചതിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലപ്പോള്‍ ആഭരണത്തില്‍ വില പിടിച്ച കല്ലുകളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ഇത് വില്‍ക്കുമ്പോള്‍ കല്ലുകള്‍ക്ക് ഒരു വിലയും പഴയ സ്വര്‍ണ്ണം വാങ്ങുന്ന ജ്വല്ലറിക്കാര്‍ കണക്കാക്കില്ല. ആഭരണത്തില്‍ നിന്ന് കല്ലുകള്‍ മാറ്റി സ്വര്‍ണ്ണത്തിന്റെ തൂക്കത്തിന് മാത്രമാണ് വില നല്‍കുക. ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകളുടെ മൂല്യത്തെപ്പറ്റി സ്വര്‍ണ്ണം വില്‍ക്കാന്‍ ചെല്ലുന്ന മിക്കവര്‍ക്കും യാതൊരു ധാരണയുമുണ്ടായിരിക്കില്ല. ചില കല്ലുകള്‍ വളരെ മൂല്യം കൂടിയതായിരിക്കും. മാത്രമല്ല ഇത്തരം ആഭരണങ്ങള്‍ വാങ്ങുന്ന സമയത്ത് കല്ലുകള്‍ക്ക് നല്ല വില കൊടുക്കേണ്ടി വന്നിരിക്കാം. അതുകൊണ്ട് തന്നെ കല്ലുകളുടെ ആഭരണങ്ങളാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വില്‍ക്കുന്നതിന് മുന്‍പ് പരിചയക്കരായ ജ്വല്ലറിക്കാരോ അല്ലെങ്കില്‍ ആഭരണത്തെക്കുറിച്ച് നല്ല ധാരണയുള്ളവരോ ഉണ്ടെങ്കില്‍ അവരോട് ആഭരണത്തിലുള്ള കല്ലിന്റെ മൂല്യത്തെപ്പറ്റി ചോദിച്ച് മനസ്സിലാക്കാം. അല്ലെങ്കില്‍ അത് വാങ്ങിയ സമയത്തെ ബില്ല് ഉണ്ടെങ്കില്‍ അതില്‍ കല്ലിന്റെ തൂക്കവും വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും. ആഭരണം വില്‍ക്കുമ്പോള്‍ കല്ലിന്റെ മൂല്യത്തിനനുസരിച്ചുള്ള പണം വേണമെന്ന് ആവശ്യപ്പെടാം, ആഭരണം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ കല്ലിന്റെ തൂക്കം പെരുപ്പിച്ച് കാട്ടി സ്വര്‍ണ്ണത്തിന്റെ തൂക്കം കുറച്ച് തട്ടിപ്പ് നടത്തുന്ന വിരുതന്‍മാരുമുണ്ടെന്ന് ഓര്‍ക്കണം.