അബ്ദു റസാഖിന്റേത് ഉത്തമ മാതൃക,  ക്ഷേത്രത്തിന് ഭൂമി സൗജന്യമായി നല്‍കി

മലപ്പുറം-ക്ഷേത്രത്തിനു പ്രദക്ഷിണവഴിയൊരുക്കാന്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കി സമൂഹത്തിന് മാതൃകയായി കെ എം അബ്ദുറസാഖ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എടവണ്ണപ്പാറ അരിപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രദക്ഷിണവഴി വിപുലീകരിക്കാന്‍ 32 മീറ്റര്‍ നീളത്തില്‍ 2 സെന്റ് വിട്ടുനല്‍കിയാണ് അബ്ദുറസാഖ് മതസൗഹാര്‍ദ്ദ സന്ദേശം നല്‍കിയത്. പ്രദക്ഷിണവഴി വിപുലീകരിക്കാനുള്ള പദ്ധതി വര്‍ഷങ്ങളായി ക്ഷേത്ര സമിതിയുടെ മുന്‍പിലുണ്ട്. ഇതിനോടു ചേര്‍ന്നുള്ള ഭൂമി ലഭിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകനായ അല്‍ ജമാല്‍ നാസറിനെ ക്ഷേത്ര കമ്മിറ്റി സമീപിച്ചു.ഭൂമി വാങ്ങാനായി നാസറും ക്ഷേത്ര കമ്മിറ്റിക്കാരും ബന്ധപ്പെട്ടപ്പോഴാണ്, സൗജന്യമായി നല്‍കാമെന്നു റസാഖ് അറിയിച്ചത്. ക്ഷേത്ര സമിതി ആവശ്യപ്പെട്ടത്ര ഭൂമി അളന്നുനല്‍കി. ദീര്‍ഘകാലം പ്രവാസിയായിരുന്ന റസാഖ് കാമശ്ശേരി മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റാണ്.

Latest News