Sorry, you need to enable JavaScript to visit this website.

ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം, 16 സ്ത്രീകളെ മോചിപ്പിച്ചു 

ഹൈദരാബാദ്- ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന വന്‍സംഘം ഹൈദാരാബാദില്‍ പിടിയില്‍. ഹൈദരാബാദിലെ ഫോര്‍ച്യൂണ്‍ ഹോട്ടലുടമയും രാംനഗര്‍ സ്വദേശിയുമായ അഖിലേഷ് ഫലിമാന്‍ എന്ന അഖില്‍, ഹോട്ടല്‍ മാനേജര്‍ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പോലീസിന്റെ സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലുണ്ടായിരുന്ന 16 സ്ത്രീകളെ പോലീസ് മോചിപ്പിക്കുകയും ചെയ്തു.
രാംനഗറില്‍ അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള 'ഫോര്‍ച്യൂണ്‍' ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് വലിയ രീതിയില്‍ പെണ്‍വാണിഭം നടന്നിരുന്നത്. ഇതുസംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതോടെ സെന്‍ട്രല്‍ സോണ്‍ ടാസ്‌ക് ഫോഴ്‌സും ആബിഡ്‌സ് പോലീസും സംയുക്തമായി ഹോട്ടലില്‍ റെയ്ഡ് നടത്തുകകയായിരുന്നു. ഹോട്ടലുടമയ്ക്കും മാനേജര്‍ക്കും പുറമേ അറസ്റ്റിലായവരില്‍ നാലുപേര്‍ ഇവിടെയെത്തിയ ഇടപാടുകാരാണ്. ഇടനിലക്കാരായ മറ്റുരണ്ടുപേരും പിടിയിലായിട്ടുണ്ട്. പ്രതികളില്‍നിന്ന് 22 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ചാണ് പ്രതികള്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ജോലി വാഗ്ദാനംചെയ്ത് തെറ്റിദ്ധരിപ്പിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന യുവതികളെ പിന്നീട് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു. ഹോട്ടലില്‍നിന്ന് മോചിപ്പിച്ച 16 സ്ത്രീകളെയും പോലീസ് സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി.
അറസ്റ്റിലായ അഖിലേഷിന്റെ നേതൃത്വത്തിലാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഏറെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന ഇയാള്‍ 'അഖില്‍ ഓര്‍ഫന്‍ ലൈഫ് ലൈന്‍' എന്ന പേരില്‍ ചാരിറ്റിസംഘടനയും നടത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ നിരവധി രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പ്രതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News