അയോധ്യയില്‍നിന്ന് മടങ്ങിയ പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം, ഒരു കോടി വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍

ന്യൂദല്‍ഹി - വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അയോധ്യയില്‍നിന്ന് മടങ്ങിയ ശേഷം പറഞ്ഞു. 'ലോകത്തിലെ എല്ലാ ഭക്തര്‍ക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍നിന്ന് ഊര്‍ജ്ജം ലഭിക്കുന്നു' എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
'അയോധ്യയില്‍നിന്ന് തിരിച്ചെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യ തീരുമാനം, ഒരു കോടി വീടുകളില്‍ റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സര്‍ക്കാര്‍ 'പ്രധാനമന്ത്രി സൂര്യോദയ യോജന' ആരംഭിക്കും എന്നതാണ്- പ്രധാനമന്ത്രി എക്‌സില്‍ പറഞ്ഞു.
ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് അയോധ്യയില്‍ നടന്ന അഭിഷേക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി മോഡി തന്റെ പ്രസംഗത്തില്‍ ശ്രീരാമന്‍ 'ഊര്‍ജ്ജം' ആണെന്നും ഇന്ന് 'ഒരു പുതിയ യുഗത്തിന്റെ പ്രഭാതം' ആണെന്നും പറഞ്ഞു.
'രാമന്‍ അഗ്‌നിയല്ല, ഊര്‍ജ്ജമാണ്. രാമന്‍ തര്‍ക്കമല്ല, പരിഹാരമാണ്. രാമന്‍ നമ്മുടേത് മാത്രമല്ല, എല്ലാവരുടേതുമാണ്,' പ്രധാനമന്ത്രി പറഞ്ഞു.

 

Latest News