ഭക്തർക്ക് സൂര്യവംശിയായ രാമന്റെ പ്രകാശത്തിൽനിന്ന് ഊർജം ലഭിക്കുന്നു, അയോധ്യയുടെ പേരിൽ സോളാർ പദ്ധതി പ്രഖ്യാപിച്ച് മോഡി

ന്യൂദൽഹി-അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച ശേഷം നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ശേഷം എല്ലാം രാമമയമാക്കാനുള്ള നീക്കത്തിൽ മോഡിയും ബി.ജെ.പിയും. അയോധ്യയിൽനിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിച്ച പദ്ധതിയും ശ്രീരാമന്റെ പേരിലാണ് മോഡി അറിയിച്ചത്. ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽനിന്ന് ഊർജ്ജം ലഭിക്കുന്നുവെന്ന തിരിച്ചറിവിൽനിന്ന് വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചതായി മോഡി വ്യക്തമാക്കി. 

'അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം, ഒരു കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുന്ന  പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതി ആരംഭിക്കുമെന്ന് മോഡി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ന് അയോധ്യയിൽ നടന്ന അഭിഷേക ചടങ്ങിൽ ശ്രീരാമൻ 'ഊർജ്ജം' ആണെന്നും ഇന്ന് 'ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും വ്യക്തമാക്കിയിരുന്നു. രാമൻ അഗ്‌നിയല്ല, ഊർജ്ജമാണ്. രാമൻ തർക്കമല്ല, ഒരു പരിഹാരമാണ്. രാമൻ നമ്മുടേത് മാത്രമല്ല, എല്ലാവരുടേതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ന് രാം ലല്ലയുടെ പ്രതിമയുടെ പ്രാൺ പ്രതിഷ്ഠ മാത്രമല്ല, ഇന്ത്യയുടെ അഭേദ്യമായ ഐക്യത്തിന്റെ പ്രാൺ പ്രതിഷ്ഠയും കണ്ടുവെന്ന് ദൽഹിയിലെ  വീട്ടിൽ വിളക്ക് കത്തിച്ച് സായാഹ്നം ആഘോഷിച്ച പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
 

Latest News