ലണ്ടന്‍- കുടുംബപേരിനെ ചൊല്ലി ഇന്ത്യയില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലണ്ടനിലും മാധ്യമങ്ങള്‍ വെറുതെ വിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലെത്താന്‍ സഹായിച്ചത് കുടുംബ പേരല്ലാതെ മറ്റെന്താണെന്നായിരുന്നു ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകര്‍ രാഹുലിനോട് ചോദിച്ചത്. ഇതിനു കുറിക്കു കൊള്ളുന്ന മറുപടിയും രാഹുല്‍ നല്കി. തന്നെ വിലയിരുത്തേണ്ടത് ഏതു കുടുംബത്തില്‍ നിന്നാണ് വരുന്നത് എന്നു നോക്കിയല്ല, കഴിവ് പരിഗണിച്ചായിരിക്കണമെന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്. 'ഇത് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഞാന്‍ ഈ കുടുംബത്തില്‍ നിന്ന് വരുന്നു എന്നത് കൊണ്ട് എന്നെ തള്ളണമോ അതല്ല, എന്റെ പ്രാപ്തിയെ അടിസ്ഥാനമാക്കി എന്നെ വിലയിരുത്തണമോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഞാനല്ല,' രാഹുല്‍ വ്യക്തമാക്കി. തന്റെ പിതാവ് പ്രധാനമന്ത്രിയായ ശേഷം കുടുംബത്തില്‍ നിന്ന് ആരും അധികാരത്തിലിരുന്നിട്ടില്ലെന്നും ഇത് എല്ലാവരും വിസ്മരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
'ഞാന്‍ (ഗാന്ധി) കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഞാന്‍ പറയുന്നത് എന്താണെന്നാണ് വിലയിരുത്തേണ്ടത്. പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കൂ, വിദേശ നയത്തെ കുറിച്ച് ചോദിക്കൂ, സമ്പദ് വ്യവസ്ഥ, ഇന്ത്യയുടെ വികസനം, കാര്‍ഷിക രംഗം എന്നിവയെ കുറിച്ചൊക്കെ തുറന്നും സ്വതന്ത്രമായും എന്നോട് സംസാരിക്കൂ. നിങ്ങളുടെ എന്തു ചോദ്യവും കേള്‍ക്കാന്‍ ഞാനൊരുക്കമാണ്. എന്നിട്ട് ഞാന്‍ എന്താണെന്ന് തീരുമാനിക്കൂ'- രാഹുല്‍ വ്യക്തമാക്കി.
ഈ അവസരത്തില്‍ തന്റെ ഏറ്റവും വലിയ വിമര്‍ശകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു കൊട്ട് കൊടുക്കാനും രാഹുല്‍ മറന്നില്ല. 'ഇത്തരമൊരു സംഭാഷണത്തിനായി ഇന്ത്യയുടെ പ്രധാനമന്ത്രി തയാറാകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. അദ്ദേഹത്തിന് ഇവിടെ ഇരിക്കാനാവില്ല. അദ്ദേഹം അങ്ങനെ ചെയതിട്ടുമില്ല,' രാഹുല്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് ബിജെപിയുടെ പ്രത്യയശാസ്ത്ര ബുദ്ധികേന്ദ്രമായ ആര്.എസ്.എസിന്റെ നാലുഭാഗത്തു നിന്നുമുള്ള നിരന്തര ആക്രമണങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. '15 വര്‍ഷത്തോളമായി ഒരു രാഷ്ട്രീയ സംവിധാനത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചു വരുന്നു. പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നും ഏറെ പഠിച്ചിട്ടുമുണ്ട്. മറ്റുള്ളവരുടെ ആശയങ്ങളെ കേള്‍ക്കുകയും മാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം വിദ്വേഷത്തെ മറികടക്കാനാകുമെന്നതാണ്. അതില്‍ എനിക്ക് അഭിമാനമുണ്ട്- രാഹുല്‍ പറഞ്ഞു.






