പുല്‍പള്ളി സീതാമൗണ്ടില്‍ കടുവ ഇറങ്ങി

പുല്‍പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ട് അങ്ങാടിക്കു സമീപം കടുവ ഇറങ്ങി. പ്രദേശത്തെ തമ്പിയുടെ വീടിനു സമീപമാണ് ഞായറാഴ്ച രാത്രി കടുവ എത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ വനപാലകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല. സീതാമൗണ്ടിന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ്  ദിവസങ്ങള്‍ മുമ്പ് കടുവയെയും മൂന്നു കുഞ്ഞുങ്ങളെയും കണ്ട സ്ഥലം.  സീതാമൗണ്ടിന് അടുത്തുള്ള പാടിച്ചിറ, ശിശുമല, സുരഭിക്കവല, ചാമപ്പാറ, കൊളവള്ളി, ശിവപുരം, തറപ്പത്തുകവല, താന്നിത്തെരുവ്, പാലമൂല, ചൂനാട്ടുകവല എന്നിവിടങ്ങളിലും കടുവ സാന്നിധ്യം പതിവായിരിക്കയാണ്. കടുവയെ പിടിക്കുന്നതിന് പാടിച്ചിറയ്ക്ക് സമീപം കൂട് സ്ഥാപിച്ചിട്ടുണ്ട്.

കാട്ടാനയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
പുല്‍പള്ളി-കാട്ടാനയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ എട്ടോടെ ചേകാടി റോഡിലെ പൊളന്നയ്ക്കു സമീപമാണ് സംഭവം. ചേകാടിക്ക് പോകുകയായിരുന്ന പാളക്കൊല്ലി സ്വദേശികളായ സജി, ലക്ഷ്മണന്‍ എന്നിവരാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഓടിച്ചയാള്‍ ആനയെക്കണ്ട് ഭയന്നതോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. റോഡില്‍ വീണ യാത്രക്കാര്‍ക്കടുത്തേക്ക് പാഞ്ഞടുത്ത ആന പിന്നാലെ വന്ന പാല്‍വണ്ടി ഹോണ്‍ മുഴക്കിയതോടെ പിന്‍വാങ്ങുകയായിരുന്നു. സജിക്കും ലക്ഷ്മണനും നിസാര പരിക്കുണ്ട്.

Latest News