അപകടം ആരുമറിഞ്ഞില്ല: സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

പത്തനംതിട്ട - കുറിയന്നൂരില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു. മല്ലപ്പളളി മഞ്ഞത്താനം അരുണ്‍ കോട്ടേജില്‍ സിജി എം. ബിജി (27) ആണ് മരിച്ചത്. കുറിയന്നൂര്‍ എസ്.എന്‍.ഡി.പി.ക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്നു സിജി. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വാടകക്ക് താമസിക്കുന്ന കട്ടേപ്പുറം സ്‌ക്കൂളിന് സമീപത്തെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് മടങ്ങും വഴിയാണ് അപകടമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
പത്തു മണിയോടെ കുറിയന്നൂര്‍ പമ്പാ ജലസേചന പദ്ധതിയുടെ കനാലിനു സമീപമായിരുന്നു അപകടം എന്നാണ് പോലീസ് വിലയിരുത്തല്‍. രാത്രി 12 മണിയോടെ ഇതുവഴി പോയ കാര്‍ യാത്രികര്‍ കലുങ്കിന്റെ വശത്ത് വാഹനവും രണ്ട് കാലുകള്‍ മേല്‍പ്പോട്ട് ഉയര്‍ന്ന് നില്‍ക്കുന്നതും കണ്ടതിനെ തുടര്‍ന്ന് പോലീസിലും 108 ആംബുലന്‍സ് നമ്പരിലും വിളിച്ചു. ആംബുലന്‍സും കോയിപ്രം പോലീസും സ്ഥലത്ത് എത്തി സിജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Latest News