Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ആദ്യ 'പ്യുർ ഗ്രീൻ' പോർഷ ഇലക്ട്രിക് കാർ സ്വന്തമാക്കി പ്രവാസി വ്യവസായി

കേരളത്തിൽ ഇതാദ്യമായി വിൽപന നടത്തിയ 'പ്യുർ ഗ്രീൻ' പോർഷ ടെയ്കൻ സ്വന്തമാക്കി യുഎഇ ആസ്ഥാനമായ അൽ സാബി ഗ്രൂപ്പ് ചെയർമാൻ ടി.ആർ. വിജയകുമാർ. പോർഷ ടെയ്കൻ 4എസ് എന്ന വേരിയന്റാണ് വിജയകുമാറിന്റെ ഗ്യാരേജിൽ പുതുതായി എത്തുന്നത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയാണ് പ്രവാസി ബിസിനസ്സുകാരനായ ടി.ആർ. വിജയകുമാർ.  
അബുദാബിയിൽ കാറുകളുടെ വലിയ ശേഖരം തന്നെ വിജയകുമാറിനും മക്കളായ അമലിനും വിമലിനും സ്വന്തമാണ്. ലിമിറ്റഡ് എഡിഷൻ റോൾസ് റോയ്‌സ്, കാഡിലാക് എസ്‌കലേഡ്, റേഞ്ച് റോവർ, ജി63, നിസാൻ പട്രോൾ തുടങ്ങിയവ ഇതിനകം സ്വന്തമാക്കിയ ഏതാനും മോഡലുകളാണ്. വാഹനങ്ങളിൽ വലിയ താൽപ്പര്യം പ്രകടിപ്പിക്കുന്ന വിജയകുമാറും മക്കളും പുതിയവ ഇറങ്ങിക്കഴിഞ്ഞാൽ സ്വന്തമാക്കാറുണ്ട്.
കേരളത്തിൽ ഏറ്റവുമധികം കസ്റ്റമൈസേഷൻ നടത്തിയ പോർഷ ടെയ്കൻ ആണ് വിജയകുമാർ കൊച്ചിയിൽനിന്ന് സ്വന്തമാക്കുന്നത്. 79.2 കിലോവാട്ട് ഔർ ലിഥിയം അയൺ ബാറ്ററിയാണ് പോർഷ ടെയ്കൻ 4എസ് ഇലക്ട്രിക് കാറിന് കരുത്തേകുന്നത്. രണ്ട് ആക്‌സിലുകളിലും പർമനന്റ് മാഗ്നറ്റ് സിങ്ക്രണസ് മോട്ടോർ ഘടിപ്പിച്ചു. പരമാവധി 435 ബിഎച്ച്പി കരുത്തും 640 എൻഎം ടോർക്കും പുറപ്പെടുവിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിമീ വേഗമാർജിക്കാൻ 4 സെക്കന്റ് മതി. പൂർണമായി ചാർജ് ചെയ്താൽ 304 കിമീ സഞ്ചരിക്കാം. ഓൾ വീൽ ഡ്രൈവ് വാഹനമാണ് പോർഷ ടെയ്കൻ 4എസ്. അഞ്ച് പേർക്ക് യാത്ര ചെയ്യാം.
രണ്ട് പതിറ്റാണ്ടിലധികമായി യുഎഇയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമാണ് ടി.ആർ. വിജയകുമാർ. ആശുപത്രികൾ, ട്രേഡിംഗ്, ഓട്ടോ കെയർ സർവീസ് സെന്ററുകൾ, ട്രാൻസ്‌പോർട്ട് കമ്പനികൾ, ലേണിംഗ് സ്ഥാപനം, നിയമ സ്ഥാപനങ്ങൾ, പ്രോപ്പർട്ടി കൺസൾട്ടൻസി തുടങ്ങി നിരവധി മേഖലകളിൽ അൽ സാബി ഗ്രൂപ്പ് പ്രവർത്തിക്കുന്നു. മക്കളായ അമൽ, വിമൽ എന്നിവരാണ് സിഇഒ ആന്റ് എംഡി ചുമതല വഹിക്കുന്നത്.  

Latest News