Sorry, you need to enable JavaScript to visit this website.

ഇല്ല; ഒരു കാരണവശാലും അയോധ്യയിലേയ്ക്കു പോവില്ല-അഷ്ടമൂർത്തി

തൃശൂർ- അയോധ്യയിൽ, ബാബറി മസ്ജിദ് തട്ടിത്തകർത്തതിനുമേൽ പണിതുയർത്തിയ മന്ദിരത്തിൽ വിരാജിക്കുന്ന  രാമനല്ല എന്റെ രാമനെന്നും ഒരു കാരണവശാലും അയോധ്യയിലേക്ക് പോകില്ലെന്നും കവിയും എഴുത്തുകാരനുമായ കെ.വി അഷ്ടമൂർത്തി. ആറാട്ടുപുഴ ശാസ്താവ് വസിഷ്ഠന്റെ പ്രതിഷ്ഠയാണ്. എന്റെ രാമൻ എനിക്ക് കൊല്ലത്തിലൊരിക്കൽ മീനം മാസത്തിലെ പൂരംനാൾ ആറാട്ടുപുഴയിലേയ്ക്കു വിരുന്നു വരുന്ന തൃപ്രയാറ്റു തേവരാണ്. തന്റെ ഗുരുവായ വസിഷ്ഠനെ തൊഴാൻ വരുന്ന വിനീതശിഷ്യനാണ്. കൊല്ലം തോറും ഞങ്ങളുടെ അതിഥിയായി വരുന്ന രാമനെ വിട്ട് ഞാൻ എന്തിന് അയോധ്യയിലേയ്ക്കു പോവണം?. ഇല്ല; ഒരിക്കലുമില്ലെന്നും അഷ്ടമൂർത്തി ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. 

അതിനിടെ, ബാബ്‌രി മസ്ജിദ് തകർത്ത സ്ഥലത്ത് സുപ്രീം കോടതി വിധി പ്രകാരം നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രത്തിലെത്തി. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ചടങ്ങിനു മുന്നോടിയായി സൈന്യവും അർധസൈനിക വിഭാഗങ്ങളും ഉത്തർ പ്രദേശ് പോലീസും ചേർന്ന് അതിശക്തമായ സുരക്ഷാ സന്നാഹമാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. 
പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ രാജ്യവ്യാപകമായി സ്‌ഫോടനാത്മകമായ പ്രചാരണ തുടക്കമാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. കോൺഗ്രസും ഇടതുപക്ഷ കക്ഷികളുമടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ക്ഷേത്ര ഉദ്ഘാടനം പോലെ തികച്ചും മതപരമായ ചടങ്ങിനെ മോഡിയും ബി.ജെ.പിയും തീർത്തും രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്നാരോപിച്ചാണ് ബഹിഷ്‌കരണം. എന്നാൽ ഭക്തരായ ആർക്കും ക്ഷേത്രത്തിൽ പോകാമെന്നും പ്രതിപക്ഷ കക്ഷികൾ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങ് ആചാര പ്രകാരമല്ലെന്ന് പറഞ്ഞ് ഹിന്ദു ആത്മീയ നേതാക്കളായ നാല് ശങ്കരാചാര്യന്മാരും ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിഷ്ഠാ ചടങ്ങിനായി ഇന്നലെയാണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്. 11 ദിവസമായി പ്രത്യേക വ്രതമനുഷ്ഠിക്കുകയായിരുന്ന മോഡി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും പുരാണത്തിൽ പറയുന്ന ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ദർശനം നടത്തിയ ശേഷമാണ് അയോധ്യയിലെത്തിയത്. രാമേശ്വരം ദ്വീപിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള ധനുഷ്‌കോടിയിലെ അരിച്ചൽ മുനൈയിലെത്തിയ അദ്ദേഹം സമുദ്രസ്‌നാനം നടത്തി. തുടർന്ന് പ്രാണായാമവും പ്രത്യേക പ്രാർഥനയും നടത്തി. ഇവിടെനിന്നാണ് രാമസേതു നിർമിക്കപ്പെട്ടതെന്നാണ് വിശ്വാസം. 
ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരൊഴികെ ആർക്കും അയോധ്യയിൽ പ്രവേശനമുണ്ടാകില്ല. വിവിധ സേനാ വിഭാഗങ്ങളിൽനിന്നായി 13,000 ഓളം സൈനികരാണ് അയോധ്യയിലും ചുറ്റുമായി സുരക്ഷക്കായി നിലയുറപ്പിച്ചിട്ടുള്ളത്. സൈനിക കവചിത വാഹനങ്ങളും ഡ്രോണുകളും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനങ്ങളുമെല്ലാം അയോധ്യയിൽ സജ്ജമാക്കിക്കഴിഞ്ഞു. അയോധ്യയും സമീപത്തെ സരയൂ നദിയുമെല്ലാം സുരക്ഷാ സേനയുടെ നിതാന്ത നിരീക്ഷണത്തിലാണ്. രണ്ട് ദിവസത്തേക്ക് പുറത്തുനിന്നുള്ള ഒരു വാഹനത്തിനും അയോധ്യയിൽ പ്രവേശനമുണ്ടാകില്ല. നേരത്തെ അയോധ്യയിൽ എത്തിയവർക്ക് ഈ ദിവസങ്ങളിൽ പുറത്തിറങ്ങാനും അനുവാദമില്ല. അയോധ്യക്ക് പുറമെ രാജ്യത്തെങ്ങും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കൾ, അമിതാഭ് ബച്ചൻ, രജനീകാന്ത് അടക്കുമുള്ള സിനിമാ താരങ്ങൾ, കായിക താരങ്ങൾ, ന്യായാധിപന്മാർ, ശാസ്ത്രജ്ഞർ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരെയെല്ലാം ചടങ്ങിനെത്തി. അയോധ്യ കേസിൽ വിധി പ്രസ്താവിച്ച സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന എല്ലാവരെയും ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ജസ്റ്റിസ് അശോക് ഭൂഷൺ മാത്രമാണ് എത്തിയത്. ബാബ്‌രി മസ്ജിദിനു വേണ്ടി കേസ് നടത്തിയ ഇഖ്ബാൽ അൻസാരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രതിഷ്ഠാ ദിനം രാജ്യത്തെങ്ങും മഹാസംഭവമാക്കി മാറ്റുന്നതിനായി വൻ ഒരുക്കങ്ങളാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും നടപ്പാക്കിയത്. ചടങ്ങുകൾ തൽസമയം ടി.വിയിൽ കാണുന്നതിനു വേണ്ടി ഇന്ന് ഉച്ചക്ക് 2.30 വരെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവധി നൽകിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെല്ലാം ജീവനക്കാർക്ക് അവധി നൽകി. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരും ദൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരും ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. മൊത്തം 11 സംസ്ഥാന സർക്കാരുകളാണ് ജീവനക്കാർക്ക് അവധി നൽകിയത്. ദൽഹിയിലെ പ്രശസ്തമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനും ഇന്ന് ഉച്ച വരെ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധം ഉയർന്നതോടെ അത് റദ്ദാക്കി.
പ്രതിഷ്ഠാ ദിനം ദീപാവലി പോലെ ആഘോഷിക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തത്. അന്ന് വീടുകളിൽ പ്രത്യേക പൂജ നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമാണ് ആഹ്വാനം. പ്രതിഷ്ഠയുടെ തൽസമയ സംപ്രേഷണം ആളുകൾക്ക് കാണുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ കൂറ്റൻ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
 

Latest News