ചടങ്ങിനെ ആഘോഷമാക്കി കനത്ത സുരക്ഷയില്‍ അയോധ്യ 

ലഖ്‌നൗ- അയോധ്യ കാത്തിരുന്ന മുഹൂര്‍ത്തമെത്തി. ചൊവ്വാഴ്ചമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനാല്‍ തീര്‍ഥാടകരുടെ ഒഴുക്ക് നിലയ്ക്കുന്നില്ല. അതിഥികളെ വരവേല്‍ക്കാന്‍ പാതയോരങ്ങളിലെ സ്റ്റേജുകളിലെല്ലാം നൃത്തപരിപാടികള്‍ നടക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് പലയിടത്തും സൗജന്യഭക്ഷണവും നല്‍കുന്നു. പ്രധാനമന്ത്രി ഇന്നു രാവിലെ അയോധ്യയിലെത്തും. പ്രത്യേക വിമാനത്തിലെത്തുന്നവര്‍ ഒഴികെ, ബോളിവുഡ് താരങ്ങളും വിശിഷ്ടാതിഥികളും ഞായറാഴ്ചതന്നെ അയോധ്യയിലും ലഖ്‌നൗവിലുമെത്തി. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും.
ആറുനാളത്തെ പ്രത്യേക ചടങ്ങുകളിലൂടെ കടന്നുപോയ ബാലരാമവിഗ്രഹത്തിന് തിങ്കളാഴ്ച ചൈതന്യം പകരും. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ. 12.20-ന് തുടങ്ങുന്ന ചടങ്ങുകള്‍ ഒരുമണിവരെ നീളും.
പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങള്‍ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
ചടങ്ങിനെ ആഘോഷമാക്കുകയാണ് അയോധ്യ. പോലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും അയോധ്യയുടെ ആഘോഷങ്ങള്‍ക്ക് തടസ്സമില്ല. രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറി. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും.

Latest News