ഇസ്രായിൽ ചെയ്യുന്നത് കൂട്ടക്കൊല -ഗുട്ടറസ്
ഗാസ- ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനു പുറമെ ഗാസയിലെ എല്ലാ ഭൗതിക സൗകര്യങ്ങളും തച്ചുതകർക്കുന്ന ഇസ്രായിൽ സൈന്യം, ഏറ്റവുമൊടുവിൽ ഖാൻ യൂനിസിലെ അൽ നസ്സർ ആശുപത്രിയും വളയുന്നു. ആശുപത്രിക്ക് സമീപം അഭയം പ്രാപിച്ചിരുന്നവർക്കു നേരെ നിർദയം ആക്രമണം തുടരുന്ന സൈന്യം 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 178 പേരെ. 293 പേർക്കു കൂടി പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,015 ആയി. പരിക്കേറ്റവർ 62,681 ആണ്. പരിക്കേറ്റവർ ചികിത്സ കിട്ടാതെ മരണമടയുന്ന സ്ഥിതിവിശേഷവുമുണ്ട്.
മുമ്പ് ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിയിലേക്ക് നടത്തിയതിന് സമാന ആക്രമണമാണ് ഇപ്പോൾ നസ്സർ ആശുപത്രിയിലേക്കും ഇസ്രായിൽ സൈന്യം നടത്തുന്നത്. ആശുപത്രിക്ക് സമീപം ഏത് സമയവും സ്‌ഫോടന ശബ്ദമാണെന്ന് അവിടെ ജോലി ചെയ്യുന്ന ഡോ. അഹ്മദ് അൽ മഗ്‌രബി പറഞ്ഞു. ശിഫ ആശുപത്രിയിൽ സംഭവിച്ചത് ഇവിടെ ആവർത്തിച്ചാൽ അത് ഭയാനകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ കമാൻഡ് മൊഡ്യൂൾ പ്രവർത്തിക്കുന്നത് ശിഫ ആശുപത്രിക്ക് താഴെയാണെന്ന് പറഞ്ഞാണ് ഇസ്രായിൽ സൈന്യം ആശുപത്രി തരിപ്പണമാക്കിയത്. 2500 ലേറെ പേർ ആശുപത്രിയിലും പുറത്തുമായി ചികിത്സയിലുള്ളപ്പോഴായിരുന്നു എല്ലാവരെയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന് അന്ത്യശാസനം നൽകിക്കൊണ്ട് ഇസ്രായിലിന്റെ ആക്രമണം. ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ പോലും സൈന്യം വെറുതെ വിട്ടില്ല. ഹമാസിന്റെ പ്രധാന നേതാക്കളെല്ലാം ഖാൻ യൂനിസിലാണെന്ന കണക്കുകൂട്ടലിലാണ് ഇസ്രായിലിന്റെ ഇപ്പോഴത്തെ ആക്രമണം. ഇസ്രായിൽ സൈന്യത്തിനു നേരെ ഹമാസിന്റെ പ്രത്യാക്രമണവും നടക്കുന്നുണ്ട്.
കൂട്ടനശീകരണവും സാധാരണക്കാരുടെ കൂട്ടക്കൊലയുമാണ് ഇസ്രായിൽ ഗാസയിൽ നടത്തുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ എന്ന നിർദേശം തള്ളിക്കളഞ്ഞ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനെ അദ്ദേഹം വിമർശിച്ചു. ഉഗാണ്ടൻ തലസ്ഥാനമായ കമ്പാലയിൽ ജി77 യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുട്ടറസ്.
അതിനിടെ, തെക്കൻ ലെബനോനിലേക്ക് ഇസ്രായിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തിരിച്ച് വടക്കൻ ഇസ്രായിലിലെ അവിവിമിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇസ്രായിലിന്റെ സൈനിക ബേസിലേക്കും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. ഗോലാൻ കുന്നുകളിലെ ഇസ്രായിൽ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയതായി ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ് അറിയിച്ചു. ഇറാഖിലെ യു.എസ് താവളത്തിനു നേരെയും ആക്രമണമുണ്ടായി. നാശനഷ്ടം തിട്ടപ്പെടുത്തിവരികയാണെന്ന് അമേരിക്ക അറിയിച്ചു.