Sorry, you need to enable JavaScript to visit this website.

അറസ്റ്റിലായത് അഞ്ച് ഹിന്ദുത്വ തീവ്രവാദികള്‍; സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് വീണ്ടും എടിഎസ്

മുംബൈ- മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രണം ആസൂത്രണം ചെയ്യുന്നതിനിടെ അഞ്ച് ഹിന്ദുത്വ തീവ്രവാദികള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ബന്ധമുള്ള ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് നേരത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. ഈ നടപടി ത്വരിതപ്പെടുത്തണമെന്ന കേന്ദ്രത്തെ ഓര്‍മ്മിപ്പിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായി വിശദ അന്വേഷണ റിപോര്‍ട്ട് എ.ടി.എസ് തയാറാക്കിത്തുടങ്ങി. 

അഞ്ചു ഹിന്ദുത്വ തീവ്രവാദികള്‍ പദ്ധതിയിട്ട ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട ഒരു തല്‍സ്ഥിതി റിപോര്‍ട്ട് മഹാരാഷ്ട്ര എ.ടി.എസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. മുംബൈ, പുനെ, സതാറ, സോളാപൂര്‍, സാംഗ്ലി എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് അഞ്ചു തീവ്രവാദികളെ ഈയിടെ എ.ടി.എസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ അഞ്ചാമനെ ശനിയാഴ്ചയാണ് പിടികൂടിയത്. ഈ ഭീകരര്‍ക്ക് സനാതന്‍ സന്‍സ്ഥയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളടങ്ങുന്ന വിശദ റിപോര്‍ട്ടാണ് എ.ടി.എസ് കേന്ദ്രത്തിന് സമര്‍പ്പിക്കാനിരിക്കുന്നത്. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന മുന്‍നിര്‍ദേശം വേഗത്തില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഈ റിപോര്‍ട്ട് സമര്‍പ്പിക്കുക എന്ന് ഉന്നത എ.ടി.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

അവിനാശ് പവാര്‍ എന്നയാളെ ശനിയാഴ്ചയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്. 30കാരനായ ഇയാള്‍ മുംബൈക്കടുത്ത ഘട്‌കോപര്‍ സ്വദേശിയും ശ്രീ ശിവപ്രതിസ്ഥാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ നിര്‍മ്മാണ ശാലയായ മസ്ഗാവ് ഡോക്‌യാര്‍ഡിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നേരത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ അധികൃതരുമായി സഹരിക്കാത്തതിനെ തുടര്‍ന്നാണ് എ.ടി.എസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വൈഭവ് റാവത്ത്, സുധാന്‍വ ഗോന്‍ഡല്‍ക്കര്‍, ശരദ് കലസ്‌ക്കര്‍, മുന്‍ ശിവ സേനാ നേതാവ് ശ്രീകാന്ത് പാംഗര്‍ക്കര്‍ എന്നിവരെയാണ് എ.ടി.എസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരവും പിടിച്ചെടുത്തിരുന്നു. ഗോന്‍ഡല്‍ക്കറെ ചോദ്യം ചെയ്തപ്പോഴാണ് അവിനാശ് പവാറിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചതെന്നും പോലീസ് പറയുന്നു.

ഈ അഞ്ചു തീവ്രവാദികളുടെ അറസ്റ്റോടെ സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന തങ്ങളുടെ ആവശ്യത്തിന് കൂടുതല്‍ പിന്‍ബലം ലഭിച്ചതായി എ.ടി.എസ് വിലയിരുത്തുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ ഭീകര സംഘടനയായ സനാതന്‍ സന്‍സ്ഥയുമായി ഈ അഞ്ചു പേര്‍ക്ക് പ്രത്യക്ഷമായി ബന്ധമില്ലെങ്കിലും ഇവരുടെ ഫോണ്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫലുകള്‍, മറ്റു രേഖകള്‍ എന്നിവയില്‍ നിന്ന് ഇവര്‍ക്ക് രഹസ്യമായി ഭീകര സംഘടനയുമായി നല്ല ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ടെന്ന് എ.ടി.എസ് വ്യക്തമാക്കുന്നു. ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഈ സംഘടനയെ യു.എ.പി.എ നിയമപ്രകാരം നിരോധിക്കണമെന്നുമാണ് എടിഎസിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേന്ദ്രത്തിന് നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കൂ. എന്നാല്‍ നേരത്തെ രണ്ടു തവണ ഈ ആവശ്യം സംസ്ഥാനം ഉന്നയിച്ചിട്ടും കേന്ദ്രം സനാതന്‍ സന്‍സ്ഥയെ നിരോധിച്ചിട്ടില്ല. 2011ലും 2015ലുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. 


 

Latest News