Sorry, you need to enable JavaScript to visit this website.

ആഘോഷത്തിനിടെ 15 അടി താഴ്ചയിലേക്ക് വീണു സി.ഇ.ഒക്ക് ദാരുണാന്ത്യം, വീഡിയോ പുറത്ത്

ഹൈദരാബാദ്- കമ്പനിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിനിടെ 15 അടി താഴ്ചയിലേക്ക് വീണു മരിച്ച യു.എസ് ടെക് മേധാവിയുടെ അവസാന നിമിഷങ്ങൾ ലോകത്തെ വേദനിപ്പിക്കുന്നു. ഇല്ലിനോയിസ് ആസ്ഥാനമായുള്ള റവന്യൂ മാനേജ്‌മെന്റ് കമ്പനിയായ വിസ്‌റ്റെക്‌സിന്റെ സി.ഇ.ഒ സഞ്ജയ് ഷായാണ് മരിച്ചത്.  കെട്ടിടത്തിൽനിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഇരുമ്പുകൂട്ടിൽ വേദിയിലേക്ക് വരുന്നതിനിടെ കേബിൾ പൊട്ടിയാണ് അപകടം സംഭവിച്ചത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വ്യാഴാഴ്ച വിസ്‌ടെക്‌സ് ഏഷ്യയുടെ രജതജൂബിലി ആഘോഷത്തിനിടെയാണ് അപകടം. തന്റെ സഹപ്രവർത്തകനായ രാജു ദാറ്റ്‌ലയ്‌ക്കൊപ്പമാണ്  56-കാരനായ സഞ്ജയ് ഷാ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാ മരിച്ചു. ഷായെയും രാജുവിനെയും ഇരുമ്പുകൂട്ടിൽ കയറ്റി വേദിയിലേക്കെത്തിച്ച ശേഷം ആഘോഷങ്ങൾ തുടങ്ങാനായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പെട്ടെന്ന് കൂട്ടിനെ ഘടിപ്പിച്ചിരുന്ന രണ്ട് കമ്പികളിൽ ഒന്ന് പൊട്ടി. ഇരുവരും 15 അടിയിലധികം താഴ്ചയിലേക്ക് വീണു കോൺക്രീറ്റ് ഡെയ്‌സിൽ നിലംപതിച്ചു. ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇവന്റ് മാനേജ്‌മെന്റ് അധികൃതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

1999ൽ ഷാ സ്ഥാപിച്ച വിസ്‌റ്റെക്‌സിന് നിലവിൽ 20 ആഗോള ഓഫീസുകളും 2,000ലധികം ജീവനക്കാരുമുണ്ട്. ബിസിനസ്സിൽ 25 വർഷം പിന്നിട്ടതിന്റെ ഭാഗമായി രണ്ടു ദിവസത്തെ ആഘോഷമാണ് സംഘടിപ്പിച്ചിരുന്നത്. 56 കാരനായ ഷാ മുംബൈ സ്വദേശിയാണ്. 17 വയസ്സുള്ളപ്പോൾ യു.എസിലേക്ക് താമസം മാറി. 21ാം വയസ്സിൽ പെൻസിൽവാനിയയിലെ ലെഹി സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദം നേടി. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന ആവശ്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവർക്ക് ധനസഹായം നൽകുന്ന വിസ്‌ടെക്‌സ് ഫൗണ്ടേഷൻ ഷാ സ്ഥാപിച്ചതാണ്. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.
 

Latest News