Sorry, you need to enable JavaScript to visit this website.

കൂട്ടത്തോടെ കൂറുമാറി, സി.പി.ഐ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പതാകയുയര്‍ത്തി

പാലക്കാട്- കോണ്‍ഗ്രസിലേക്ക് പോയ നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പതാകയുയര്‍ത്തി, സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓഫീസ് തിരിച്ചു പിടിച്ചു. നെന്മാറ സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിഭാഗീയതയുടെ പേരില്‍ അച്ചടക്കനടപടി നേരിട്ട സി.പി.ഐ മുന്‍ മണ്ഡലം സെക്രട്ടറി എം.ആര്‍.നാരായണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. നേരത്തേ ഇസ്മയില്‍ പക്ഷത്ത് നിലയുറപ്പിച്ചിരുന്നവരാണ് അച്ചടക്കനടപടിക്ക് വിധേയവരെല്ലാം. നെന്മാറ, അയിലൂര്‍, നെല്ലിയാമ്പതി, കൊടുവായൂര്‍, എലവഞ്ചേരി, മുതലമട മേഖലയിലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ നാരായണനൊപ്പം കോണ്‍ഗ്രസിലെത്തി. അവരാണ് കഴിഞ്ഞ ദിവസം സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയത്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ആര്‍.ചന്ദ്രനുള്‍പ്പെടെയുള്ളവരെ പിടിച്ചു പുറത്താക്കിയാണ് വിമതര്‍ ഓഫീസില്‍ കോണ്‍ഗ്രസ് പതാക നാട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഓഫീസ് തിരിച്ചു പിടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കൊടി നീക്കം ചെയ്ത് അവിടെ വീണ്ടും പാര്‍ട്ടി പതാക ഉയര്‍ത്തി. ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കാന്‍ പാലക്കാട് ആര്‍.ഡി.ഒ ഇരുപക്ഷത്തിനും നിര്‍ദ്ദേശം നല്‍കി.

 

Latest News