Sorry, you need to enable JavaScript to visit this website.

മുഈനലി ശിഹാബ് തങ്ങളെ മുന്‍ നിര്‍ത്തി പുതിയ പോര്‍മുഖവുമായി കെ.ടി.ജലീലും ലീഗ് വിമതരും

കോഴിക്കോട് - പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ മുന്‍ നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കാന്‍ കെ.ടി.ജലീലും ലീഗ് വിമതരും തയാറെടുക്കുന്നു. മുസ്‌ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായ മുഈനലി തങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തുറന്ന പോരാട്ടത്തിലേക്ക് വന്നേക്കും.
മുസ്‌ലിംലീഗില്‍ നിന്ന് പുറത്തുപോയ കെ.എസ്. ഹംസ, പി.ടി.എ റഹീം തുടങ്ങിയവര്‍ ചേര്‍ന്ന് ഈയിടെ പുതിയ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ അബ്ദുല്‍ വഹാബ് വിഭാഗം ഐ.എന്‍.എല്ലും പങ്കാളികളാണ്. ഇവര്‍ മുഈനലി തങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. അതേ സമയം മുഈനലി തങ്ങള്‍ ശക്തമായ നിലപാട് എടുക്കുന്നില്ലെന്നതാണ് പുതിയ നീക്കത്തിന് മുമ്പിലെ പ്രധാന തടസ്സം.
ഈ വിമത നേതാക്കളെല്ലാം സമസ്ത ഇകെ വിഭാഗവുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണെന്ന പ്രത്യേകതയുണ്ട്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സമസ്തയിലെ ഒരു വിഭാഗത്തിനുള്ള അകല്‍ച്ച പുതിയ നീക്കത്തിന് ഇന്ധനമായിത്തീരുകയാണ്.
അതേ സമയം പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചപ്പോള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലിയെ അവഗണിച്ചുവെന്ന പരാതിയുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും കാലത്ത് സമസ്തയുമായി ലീഗിന് നല്ല ബന്ധമാണുണ്ടായിരുന്നത്. ഹൈദരലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ വിവിധ പോഷക സംഘടനകളുടെ ഭാരവാഹികളായിരുന്നു. ഇപ്പോഴും പാണക്കാട് കുടുംബാംഗങ്ങള്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. നേരത്തെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന  പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമസ്തയിലെ ഒരു വിഭാഗം പാണക്കാട് കുടുംബത്തിനെ അംഗീകരിക്കാന്‍ മടി കാണിക്കുന്ന പശ്ചാത്തലത്തിലാണ് പാണക്കാട് പൈതൃകം എന്ന പേരില്‍ എം.എസ്.എഫ്. പരിപാടി സംഘടിപ്പിച്ചതും പാണക്കാട് ഖാസി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നതും. അതേ സമയം പാണക്കാട് കുടുംബത്തിലെ എല്ലാവരും ഒരേ പോലെ ഇക്കാര്യങ്ങളില്‍ തൃപതരല്ലെന്ന് ഇതിനകം വ്യക്തമായതാണ്.
ചന്ദ്രികയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച മുഈനലി ശിഹാബ് തങ്ങളെ തത്സമയം തന്നെ ചീത്ത വിളിച്ച റാഫി പുതിയകടവാണ് ഇപ്പോള്‍ വധഭീഷണി മുഴക്കിയിരിക്കുന്നത്. പാണക്കാട് പൈതൃകം പരിപാടിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും അബ്ദുസ്സമദ് സമദാനിയും സംസാരിച്ചതിന് മറുപടിയെന്നോണം ചില പരാമര്‍ശങ്ങള്‍ മുഈനലി ശിഹാബ് നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ആളായാണ് റാഫി അറിയപ്പെടുന്നത്.
മുഈനലി തങ്ങള്‍ക്കെതിരായ ഭീഷണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും  കെ.ടി.ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വന്നിട്ടുണ്ട്.
എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങന്‍മാരെന്ന് ജലീല്‍ പറയുന്നു. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരില്‍ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. മണ്‍മറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍.
പാണക്കാട്ടെ കുട്ടികളില്‍ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീല്‍ചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഞങ്ങളെയൊക്കെ വീല്‍ചെയറിലാക്കിയ ശേഷമേ മുഈനലി തങ്ങളെ തൊടാനാകൂ എന്നും ജലില്‍ കുറിക്കുന്നു.

 

Latest News