Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രത്തിലെ ആരാധനകളുടെ സംപ്രേഷണം തമിഴ്‌നാട് വിലക്കിയെന്ന വ്യാജ പ്രചാരണവുമായി നിർമല സീതാരാമൻ

ന്യൂദൽഹി- അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ആരാധനകളുടെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സർക്കാർ വിലക്കിയെന്ന കള്ളപ്രചാരണവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമനും. ഇതുസംബന്ധിച്ച് ഒരു പത്രത്തിൽ വന്ന വാർത്ത ഉയർത്തിക്കാട്ടിയാണ് നിർമല സീതാരാമൻ കള്ളവാർത്ത പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്ത് 200 ലധികം രാമക്ഷേത്രങ്ങളുണ്ടെന്നും സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് പോലീസ് തടയുകയാണെന്നും നിർമല സീതാരാമൻ ആരോപിച്ചു. പന്തലുകൾ വലിച്ചുകീറുമെന്ന് ഡി.എം.കെ സംഘാടകരെ ഭീഷണിപ്പെടുത്തുന്നു. ഈ ഹിന്ദു വിരുദ്ധവും വിദ്വേഷജനകവുമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു. 
അതേസമയം, ക്ഷേത്രങ്ങളിൽ രാമന്റെ പേരിൽ പ്രത്യേക പൂജകളും സൗജന്യ ഭക്ഷണം വിളമ്പുന്നതും സർക്കാർ തടഞ്ഞുവെന്ന നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ച പത്രവാർത്ത ഡി.എം.കെ നിഷേധിച്ചു. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 

എം കെ സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ 1,270 ക്ഷേത്രങ്ങളുടെ നവീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും 764 ക്ഷേത്രങ്ങളിൽ ദിവസവും സൗജന്യ ഭക്ഷണം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു. 197 പുരാതന ക്ഷേത്രങ്ങൾ പുനഃസ്ഥാപിച്ചു. അവയിൽ പലതും ആയിരം വർഷം പഴക്കമുള്ളതാണ്. ഏകദേശം 300 കോടി ചെലവിലാണ് ഇക്കാര്യങ്ങൾ നടപ്പാക്കിയത്. തമിഴ്‌നാട്ടിലെ ഹിന്ദു വിശ്വാസികൾക്ക് ഇത് അറിയാം. പ്രതിപക്ഷത്തിന് പോലും ഇക്കാര്യം നിഷേധിക്കാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്ഷണം വിളമ്പാനോ ശ്രീരാമന്റെ പേരിൽ പൂജകൾ നടത്താനോ പ്രസാദം നൽകാനോ ഉള്ള ഭക്തരുടെ സ്വാതന്ത്ര്യത്തിന് ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് പരിമിതികളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ഹിന്ദു മതജീവകാരുണ്യ വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു പറഞ്ഞു
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മറ്റുള്ളവരെ പോലെ തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി മോഡി ഇന്ന് തമിഴ്‌നാട്ടിലെ നിരവധി ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ നടത്തി.
 

Latest News