മഹാരാജാസ് കോളേജിലെ സംഘര്‍ഷം: രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍

കൊച്ചി- മഹാരാജാസ് കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റു ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ.ബാബു, വൈസ് പ്രസിഡന്റ് ആശിഷ് എസ്. ആനന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലാണ് ആശുപത്രി സംരക്ഷണ നിയമപ്രകാരം എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

ആശുപത്രിയിലെ അതിക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതില്‍ രണ്ടുപേരെയാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. ഡോക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആംബുലന്‍സിനുള്ളില്‍ കയറി രോഗിയെ മര്‍ദിച്ചു എന്നിവയുള്‍പ്പെടെയുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇതുവരെ പതിനഞ്ചോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സജീവ കെഎസ്.യു- ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെ ഒന്‍പതോളം വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

 

Latest News