ന്യൂദല്‍ഹി - ഇന്ത്യയുടെ വിമാനം ഉപയോഗിക്കുന്നത് മാലിദ്വീപ് പ്രസിഡന്റ് വിലക്കിയതിനെ തുടര്‍ന്ന് 14 വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന് ഗുരുതര ആരോപണവുമായി മാലിദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍. ഇന്ത്യയുടെ സെനിക വിമാനമായ ഡോര്‍ണിയര്‍ വിമാനം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച വില്‍മിംഗ്ടണ്‍ ദ്വീപിലെ താമസക്കാരമായ 14 വയസുകാരനാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. മാലദ്വീപ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദ്വീപിലെ മന്ത്രിമാര്‍ ഇ്രന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സമയത്താണ് ഈ സംഭവം നടന്നത്.
' മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ മാലെയിലെത്തിക്കാന്‍ ഞങ്ങള്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവര്‍ ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. പിന്നീട് അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ഉറപ്പാക്കുക എന്നതാണ് ഏക പരിഹാരം,' കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് മാലിദ്വീപ് മാധ്യമമായ അദാധു റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ കുടുംബം ആവശ്യപ്പെട്ട് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്. അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കില്‍ കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താമായിരുന്നെന്നാണ് പ്രസിഡന്റിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്നത്.