Sorry, you need to enable JavaScript to visit this website.

ഇ-ബസ് നഷ്ടമല്ല, ലാഭം, മന്ത്രിയെ  തള്ളി കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട്

തിരുവനന്തപുരം- ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നതിനു കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തന്നെ തെളിവ്. ഇബസുകള്‍ക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയില്‍ ഇത് 13.46 രൂപ വരെയായി ഉയര്‍ന്നിരുന്നു.  2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (സിഎംഡി) ബിജു പ്രഭാകര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയെന്നാണു സൂചന.ഇനി ഇബസുകള്‍ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങള്‍ പഠിക്കാതെയായിരുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് ഇനി ഡീസല്‍ ബസുകളേ വാങ്ങൂ എന്ന തീരുമാനവും തിരുത്തേണ്ടിവരും. സ്മാര്‍ട് സിറ്റി, കിഫ്ബി പദ്ധതികള്‍ വഴി ലഭിക്കാനിരുന്ന 45 ഇബസുകള്‍ക്കു പകരം ഡീസല്‍ ബസുകള്‍ വേണമെന്നാവശ്യപ്പെട്ട് കത്തു നല്‍കാന്‍ സിഎംഡി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സ്മാര്‍ട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസല്‍ ബസ് വാങ്ങാനാകില്ല. ഇബസ് വാങ്ങുകയോ അല്ലെങ്കില്‍ ഫണ്ട് വേണ്ടെന്നു വയ്ക്കുകയോ ആണു മാര്‍ഗം.
950 ഇബസുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഇസേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല. ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന പദ്ധതിയാണത്. ലാഭവിഹിതം കേന്ദ്രത്തിനും നല്‍കണം. ഈ ബസുകളെത്തിയാല്‍ ഇന്ധനച്ചെലവില്‍ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ തന്നെ റിപ്പോര്‍ട്ട്. സിപിഎമ്മും തള്ളിപ്പറഞ്ഞശേഷം ഗണേഷ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Latest News