VIDEO - എപ്പിഫാനി ആചരിച്ച് മഞ്ഞുവെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് പുടിന്‍

മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ആചാരമായ എപ്പിഫാനി ദിവസത്തില്‍ മഞ്ഞുവെള്ളത്തില്‍ മുങ്ങി നിവര്‍ന്നു. ലോകത്താകമാനുള്ള ഓര്‍ത്തഡോക്‌സ് സഭകള്‍ ജനുവരി 19നാണ് എപ്പിഫാനി ആചരിക്കുന്നത്. 
യോര്‍ദ്ദാന്‍ നദിയില്‍ യേശു സ്‌നാമേറ്റതിനെ അനുസ്മരിക്കുന്ന മാമോദീസ പെരുന്നാളായാണ് പൗരസ്ത്യ സഭകള്‍ എപ്പിഫാനി ആചരിക്കുന്നത്. 

ജനുവരി 19ന് പുലര്‍ച്ചെയാണ് പ്രസിഡന്റ് ചടങ്ങ് നടത്തിയതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരമ്പര്യമനുസരിച്ച് എപ്പിഫാനി അടയാളപ്പെടുത്താനാണ് അദ്ദേഹം മഞ്ഞുവെള്ളത്തില്‍ മുങ്ങിനിവര്‍ന്നതെന്ന് ചോദ്യത്തിന് മറുപടിയായി പെസ്‌കോവ് സ്ഥിരീകരിച്ചതായി മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുടിന്‍ മുങ്ങിയത് എവിടെയാണ് മുങ്ങി നിവര്‍ന്നതെന്ന് വ്യക്തമല്ല. 2024 ജനുവരി 19ന് പുടിന്‍ എപ്പിഫാനി ആചരിച്ച വീഡിയോ പുറത്തു വന്നിട്ടില്ലെങ്കിലും 2018ല്‍ അദ്ദേഹം ഈ ചടങ്ങ് നിര്‍വഹിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ സെലിഗര്‍ തടാകത്തിലെ മഞ്ഞുകട്ട വെട്ടിയ ഒരു ദ്വാരത്തിലേക്ക് എത്തിയ അദ്ദേഹം മഞ്ഞുവെള്ളത്തില്‍  മുങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്.

ഓര്‍ത്തഡോക്‌സ് പാരമ്പര്യ പ്രകാരം എപ്പിഫാനി വാരത്തില്‍ പുരോഹിതന്‍ അനുഗ്രഹിച്ച ജലം പവിത്രമായാണ് കണക്കാക്കപ്പെടുന്നത്.  

മുന്‍ വര്‍ഷങ്ങളില്‍ പുടിന്‍ ഈ പാരമ്പര്യം പിന്തുടര്‍ന്നിരുന്നുവെന്നും 2018 വരെ അത് പരസ്യമാക്കിയിരുന്നില്ലെന്നും പെസ്‌കോവ് വെളിപ്പെടുത്തി.

Latest News