Sorry, you need to enable JavaScript to visit this website.

സിറിയയിലെ ഇറാൻ രഹസ്യാന്വഷണ മേധാവി ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസയിൽ മരണം 25,000ലേക്ക്

ദമാസ്‌കസ്- സിറിയയിലെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയടക്കം നാല് സൈനികോദ്യോഗസ്ഥർ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദമാസ്‌കസിലെ മസ്സീഹ് മേഖലയിൽ ഇന്ന് ഉച്ചക്കായിരുന്നു ആക്രമണം. ഇസ്രായിലിന്റെ ആക്രമത്തിൽ ഇറാൻ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സിലെ നാല് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടുവെന്ന് ഇറാൻ വെളിപ്പെടുത്തി. ഹുജ്ജത്തുല്ല ഉമീദ് വർ, അലി ആഗാസാദെ, ഹുസൈൻ മുഹമ്മദി, സയീദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടത്. 
ഇവർ ഒരു യോഗത്തിൽ പങ്കെടുക്കവേ ബഹുനില കെട്ടിടത്തിൽ മിസൈൽ പതിക്കുകയായിരുന്നു. ആക്രമണത്തൽ മൊത്തം പത്ത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. നാല് മിസൈലുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവുമെന്നാണ് സൂചന. ആക്രമണത്തിൽ നാല് നില കെട്ടിടം പൂർണമായും തകർന്നു തരിപ്പണമായി. ഏതാനും പേർക്ക് പരിക്കേറ്റു.
ആക്രമണത്തെ ശക്തിയായി അപലപിച്ച ഇറാൻ, ഇസ്രായിലിന്റെ ഭീകരാക്രമണമാണിതെന്ന് ആരോപിച്ചു. എന്നാൽ ഇസ്രായിൽ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഗാസയിലെ ആക്രമണത്തിന് പുറമെ മറ്റ് രാജ്യങ്ങളിലും ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ മാസം ദമാസ്‌കസിൽ നടന്ന ആക്രമണത്തിൽ സിറിയയിലെ ഇറൻ സൈനിക കമാണ്ടർ സയ്യിദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഈ മാസമാദ്യ ബെയ്‌റൂത്തിൽ നടന്ന ആക്രമണത്തിൽ ഹമാസ് കമാണ്ടർ സാലിഹ് അൽ അറൂരിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഇറാഖിലെ ഇർബിലലുള്ള ഇസ്രായിൽ ചാരസംഘടന മൊസാദിന്റെ കേന്ദ്രത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
അതിനിടെ, ഗാസയിലെ ഖാൻ യൂനിസിൽ ഇന്നും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രായിൽ നടത്തിയത്. ഗാസയിലെ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നായ അൽനസ്സർ ആശുപത്രിക്ക് ചുറ്റും കൂട്ടക്കൊല ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നു. പതിനായിരിക്കണക്കിന് ഫലസ്തീനികൾ സുരക്ഷിതമെന്ന് കരുതി അഭയം പ്രാപിച്ച സ്ഥലമാണിത്. ഗാസയിൽ മരണം 25,000നടുത്തെത്തി. ഇന്ന് വൈകുന്നേരം വരെ 24,927 പേരാണ് കൊല്ലപ്പെട്ടത്. 62,388 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലും  രണ്ട് ഫലസ്തീൻ പൗരന്മാർ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ 369 ആയി.
യുദ്ധത്തിനുപുറമെ ഗാസയിൽ പകർച്ചവ്യാധികളും പടരുകയാണ്. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിനാൽ ആളുകൾ മലിനജലം കുടിക്കേണ്ടിവരുന്നത് പല തരത്തിലുള്ള അസുഖങ്ങൾക്കും കാരണമാവുന്നുണ്ട്. ഗാസയിലേക്കെത്തുന്ന സഹായങ്ങൾ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും തികയുന്നില്ലന്ന് ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുർദ പറഞ്ഞു. പുറത്തുനിന്ന് ജീവകാരുണ്യ സഹായവുമായെത്തുന്ന ട്രക്കുകൾക്ക് ഇസ്രായിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഗാസയെ സ്വതന്ത്ര ഫലസ്തീൻ രാജ്യത്തിന്റെ ഭാഗമാക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം താൻ തള്ളിയെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഇരു നേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ ആവശ്യം ഉന്നയിച്ചത്. ഫലസ്തീൻ രാഷ്ട്രമെന്ന നിർദേശത്തോട് ഒരു വിധത്തിൽ നെതന്യാഹു സമ്മതിക്കാനിടയുണ്ടെന്നായിരുന്നു ഫോൺ സംഭാഷണത്തിനുശേഷം ബൈഡൻ പറഞ്ഞത്. എന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്തുകഴിഞ്ഞാൽ ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായിനായിരിക്കുമെന്നും, ഭാവിയിൽ ഗാസയിൽനിന്ന് തങ്ങൾക്ക് ഭീഷണിയൊന്നും ഉണ്ടാകാതിരിക്കാനാണിതെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ ഇസ്രായിലിലും യുദ്ധ വിരുദ്ധ വികാരം വ്യാപിക്കുകയാണ്. ഹൈഫയിൽ ഇന്ന് നടന്ന യുദ്ധ വിരുദ്ധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇസ്രായിലിൽ ജയിലിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ വിട്ടുകൊടുത്ത് പകരം ബന്ദികളെ മോചിപ്പിക്കണെന്ന് പ്രകനക്കാർ ആവശ്യപ്പെട്ടു.

Latest News