Sorry, you need to enable JavaScript to visit this website.

സൗദിയിൽ ടൂറിസം മേഖല പൂർണ തോതിൽ പ്രവർത്തനക്ഷമം - ടൂറിസം മന്ത്രാലയം

സൗദി അറേബ്യയിൽ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ അൽ ഉല. (ഫയൽ)

ജിദ്ദ - സൗദിയിൽ ടൂറിസം മേഖല പൂർണ വീണ്ടെടുപ്പ് കൈവരിച്ചതായി ടൂറിസം മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കോവിഡ്-19 മഹാമാരിക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സൗദിയിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 156 ശതമാനമായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ടൂറിസം മേഖലയിലെ വീണ്ടെടുപ്പ് 150 ശതമാനമായിട്ടുണ്ട്. ആഗോള തലത്തിൽ ഇത് 88 ശതമാനമാണ്. സൗദിയിലെ വ്യത്യസ്ത ടൂറിസം കേന്ദ്രങ്ങളിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചുവരികയാണ്. 2023 ൽ ജി-20 രാജ്യങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് സൗദിയിലാണ്. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദിയിൽ വിദേശ ടൂറിസ്റ്റുകൾ 10,000 കോടിയിലേറെ റിയാൽ ചെലവഴിച്ചു. 
മൊത്തം ആഭ്യന്തരോൽപാദനത്തിൽ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയർത്താനും പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി സൗദി ടൂറിസം അതോറിറ്റി വക്താവ് അബ്ദുല്ല അൽദഖീൽ പറഞ്ഞു. 2030 ഓടെ പ്രതിവർഷ ടൂറിസ്റ്റുകളുടെ എണ്ണം 15 കോടിയായി ഉയർത്തുകയാണ് പുതിയ ലക്ഷ്യം. യുവാക്കളെയും സംരംഭകരെയും പ്രാദേശിക സമൂഹങ്ങളെയും ടൂറിസം മേഖലയിലെ പങ്കാളികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കാനുള്ള ശ്രമങ്ങളുമായി ടൂറിസം മന്ത്രാലയം മുന്നോട്ടുപോവുകയാണെന്നും അബ്ദുല്ല അൽദഖീൽ പറഞ്ഞു. 
ആഗോള തലത്തിൽ കഴിഞ്ഞ വർഷം 130 കോടി ടൂറിസ്റ്റുകളാണ് ലോക രാജ്യങ്ങൾ സന്ദർശിച്ചത്. കഴിഞ്ഞ കൊല്ലം ടൂറിസം മേഖലാ വരുമാനം 1.4 ട്രില്യൺ ഡോളറായിരുന്നു. 2019 ൽ കൈവരിച്ച വരുമാനത്തിന്റെ 93 ശതമാനമാണിത്. 2019 ൽ ആഗോള തലത്തിൽ ടൂറിസം മേഖലാ വരുമാനം 1.5 ട്രില്യൺ ഡോളറായിരുന്നു. 
 

Latest News