കുത്തിയവരേയും തുണച്ചവരേയും അറിയാം, കെ.എം മാണിയുടെ ജീവചരിത്രം പ്രകാശനത്തിന്

കോട്ടയം - ബാര്‍ക്കോഴയും വിവാദങ്ങളും കേരള കോണ്‍ഗ്രസിനെ വേട്ടയാടിയ നാളുകളില്‍ കുത്തിയവരെയും പിന്തുണച്ചവരെയും പരാമര്‍ശിക്കുന്ന കെ.എം മാണിയുടെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് യുഡിഎഫ് രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന തുറന്നുപറച്ചിലുകള്‍ ആത്മകഥയിലുണ്ട്.

കെ.എം മാണിയുടെ പൊതുജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുകയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ഭരണ നീക്കത്തെ തകര്‍ക്കുകയും ചെയ്ത ബാര്‍ക്കോഴയില്‍ അന്നത്തെ മന്ത്രി കെ. ബാബുവിന്റെ നടപടികളെ വിമര്‍ശിക്കുന്നുണ്ട്.  നിയമ മന്ത്രിയായിരുന്ന താന്‍ അറിയാതെ ബാറുടമകളെ സഹായിക്കാനാണ് എക്‌സൈസ് മന്ത്രിയായ കെ. ബാബു ശ്രമിച്ചത്.  ഇതിനോട് ശക്തമായി വിയോജിച്ചു. ഇത് ബാബുവിന് ഇഷ്ടപ്പെട്ടില്ല.

ബാര്‍ക്കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെയും പേരെടുത്തുപറയാതെ പരാമര്‍ശമുണ്ട്. നിരവധി ബാറുണ്ടായിരുന്ന വ്യക്തിയുടെ പ്രതികാരമായിരുന്നു അഴിമതി ആരോപണം. ഈ ബാര്‍ മുതലാളിക്ക് കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുമായും നല്ല ബന്ധം ഉണ്ടായിരുന്നു. ബാര്‍ മുതലാളിയുടെ മകളുടെ വിവാഹത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയി. വിവാഹ നടത്തിപ്പുകാരായി അവര്‍ മാറി. മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ത്ത ആരോപണം ഉന്നയിച്ച ആളുടെ വസതിയിലെ ചടങ്ങില്‍ താനായിരുന്നെങ്കില്‍ പോകുകയില്ലായിരുന്നുവെന്നും മാണി പറയുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് ഒരു നേതാവ് സമീപിച്ചു. ആ നീക്കത്തോട് വിയോജിപ്പു രേഖപ്പെടുത്തി. ഇതും ആരോപണത്തിനു കാരണമായിരിക്കാം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതും ചൂണ്ടികാട്ടുന്നുണ്ട്. തന്നെ കേന്ദ്രമന്ത്രിയാക്കാതിരിക്കാന്‍ കെ. കരുണാകരന്‍ ശ്രമിച്ചതും എടുത്തുപറയുന്നു.

കുടുംബ ജീവിതവും

കെ.എം മാണിയുടെആത്മകഥയില്‍ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉള്ളടക്കത്തിന്റെ സന്ദര്‍ഭങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. കെ.എം മാണിയും ഭാര്യ കുട്ടിയമ്മയുമായുള്ള ദാമ്പത്യ  ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന
മാണിയുടെ വാക്കുകളാണ് ഇതിലൊന്ന്. തന്റെ  ഭക്ഷണത്തെ കുറിച്ചുള്ള വാക്കുകളാണ് ഇതില്‍ ശ്രദ്ധേയം.
ചോറും മോരുമാണ് കെ.എം മാണിയുടെ ഭക്ഷണങ്ങളിലൊന്ന് 'ചോറും മോരും എന്ന് പറഞ്ഞാല്‍ അത് കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ കുട്ടിയമ്മയുടെ മോരും ചോറും എന്ന് കെ.എം മാണി അടിവരയിട്ടു പറയുന്നു. തന്റെ രുചിയും മനസ്സുമറിഞ്ഞ് തയാറാക്കുന്നതാണ് ഇതെന്ന് കേരളത്തിന്റെ മുന്‍ ധനമന്ത്രി പറയുന്നു.
മുന്‍ കേന്ദ്ര ധന മന്ത്രിയും സാമ്പത്തിക വിദഗ്ധമായിരുന്ന അരുണ്‍ ജെറ്റ്‌ലിയുമായുള്ള രാഷ്ട്രീയ സൗഹൃദമാണ് മറ്റൊന്ന്. കെ.എം മാണിയുടെ ജീവചരിത്രപ്രകാശനത്തിന് അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ചത് അന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബാര്‍ കേസുമായി ബന്ധപ്പെട്ട വിവാദം അലയടിക്കുന്ന കാലഘട്ടത്തിലായിരുന്നു പ്രസ്തുത പരിപാടി. ചടങ്ങില്‍ പങ്കെടുക്കുന്നതിനോട് കേരളത്തിലെ ബിജെപി നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. അഞ്ചുപതിറ്റാണ്ട് ഒരേ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധി ആവുക എന്നത് അവിശ്വസനീയമാണെന്ന് ജെറ്റ്‌ലി പ്രസംഗത്തില്‍ എടുത്തു പറഞ്ഞ് ഒരിക്കല്‍ അഭിനന്ദിച്ചിരുന്നു. ജനുവരി 25 ന് നിയമസഭാ മന്ദിരത്തിലെ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും.

 

Latest News