Sorry, you need to enable JavaScript to visit this website.

VIDEO - കുഴല്‍നാടനെതിരെ വീണ്ടും വിജിലന്‍സ്, നികുതി വെട്ടിച്ചെന്ന് കണ്ടെത്തല്‍

ഇടുക്കി- ചിന്നക്കനാലിലെ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ ഗുരുതര കണ്ടെത്തലുകളെന്ന് വിജിലന്‍സ്. ഭൂമി ഇടപാടില്‍ എം.എല്‍.എ നികുതി വെട്ടിപ്പ് നടത്തിയെന്നാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. 50 സെന്റ് പുറമ്പോക്കു കയ്യേറി എം.എല്‍.എ മതില്‍ നിര്‍മിച്ചെന്നു വിജിലന്‍സ് കണ്ടെത്തി. ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുണ്ടെന്നാണു കണ്ടെത്തല്‍. കെട്ടിടത്തിന്റെ കാര്യം മാത്യു കുഴല്‍നാടന്‍ മറച്ചുവച്ചതായും വിജിലന്‍സ് പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സിന് മുമ്പില്‍ ഹാജരായി.

എന്നാല്‍ അളന്നു നോക്കിയിട്ടില്ലെന്നും ആധാരത്തിലേതിനെക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അളന്നു നോക്കി കൂടുതലുണ്ടെങ്കില്‍ തുടര്‍നടപടി എടുക്കട്ടെയെന്നും മാത്യു വിശദീകരിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. വിഷയം പെട്ടെന്ന് ഉയര്‍ന്നുവന്നതു മാസപ്പടി വിഷയം ഉയര്‍ന്നുവന്നതിനു ശേഷമാണ്. പൊതുജനത്തിനു മുമ്പില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടിയാണു നടപടിയെങ്കില്‍ അത് അനുവദിക്കില്ല. ഭൂമി തന്ന ആളുകള്‍ ഇട്ടിട്ടുള്ള അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്. ഞാന്‍ വാങ്ങിയശേഷം പ്രത്യേകമായി അളന്നിട്ടില്ല. ആധാരത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഭൂമി കൈവശം ഉണ്ടെന്ന് അറിയാമോ എന്ന് വിജിലന്‍സ് ചോദിച്ചു. പരിശോധിച്ചിട്ടില്ലെന്നും നിങ്ങള്‍ പരിശോധിച്ചു കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്നും പറഞ്ഞു- മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

Latest News