രോഗത്തിന് കാരണമാകുന്ന അണുക്കൾക്ക് മനുഷ്യ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധത്തെ മറികടന്ന് കൂടുതൽ ശക്തിയോടെ ശരീരത്തിലേക്ക് എത്താൻ സഹായിക്കുകയാണ് ആന്റിബയോട്ടിക്കിന്റെ അമിതോപയോഗത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന വൈറസുകൾ അതിന്റെ പ്രതിരോധ ശേഷിയെ മറികടക്കുന്നു. ഇത് കാരണം മരുന്നുകളൊന്നും ഏശാത്ത രീതിയിൽ വൈറസുകൾ നമ്മെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു. ഈ തലമുറ മാത്രമല്ല, വരാനിരിക്കുന്ന തലമുറകൾക്ക് പോലും വലിയ അത്യാപത്താണ് അതുണ്ടാക്കാൻ പോകുന്നതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം മൂലം ശരീരത്തിലെ രോഗപ്രതിരോധ ശേഷി നശിക്കുകയും മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗം പരത്തുന്ന പുതിയ വൈറസുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ അതീവ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി ഓപറേഷൻ അമൃത് എന്ന പരിപാടിക്ക് കേരള സർക്കാർ രൂപം നൽകിയിരിക്കുകയാണ്. ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് എന്നതിന്റെ ചുരുക്കപ്പരാണ് അമൃത്.
കേരളത്തിൽ വലിയ തോതിൽ ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം നടക്കുകയാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. നിസ്സാര രോഗങ്ങൾക്ക് പോലും ഡോക്ടർമാർ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ച് നൽകുകയും ആളുകൾ സ്വയം ചികിത്സകരായി അംഗീകൃത ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ, മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ആന്റിബയോട്ടിക് മരുന്നുകൾ വാങ്ങി സ്വയം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് അമൃത് പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ വളരെ നേരത്തെ തന്നെ കൊണ്ടുവരേണ്ട കാര്യമായിരുന്നുഇത്. ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം കേരളത്തിൽ എല്ലാ നിയന്ത്രണ പരിധികളും ലംഘിച്ച് അതിന്റെ മൂർധന്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
രോഗത്തിന് കാരണമാകുന്ന അണുക്കൾക്ക് മനുഷ്യ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധത്തെ മറികടന്ന് കൂടുതൽ ശക്തിയോടെ ശരീരത്തിലേക്ക് എത്താൻ സഹായിക്കുകയാണ് ആന്റിബയോട്ടിക്കിന്റെ അമിതോപയോഗത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന വൈറസുകൾ അതിന്റെ പ്രതിരോധ ശേഷിയെ മറികടക്കുന്നു. ഇത് കാരണം മരുന്നുകളൊന്നും ഏശാത്ത രീതിയിൽ വൈറസുകൾ നമ്മെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു. ഈ തലമുറ മാത്രമല്ല, വരാനിരിക്കുന്ന തലമുറകൾക്ക് പോലും വലിയ അത്യാപത്താണ് അതുണ്ടാക്കാൻ പോകുന്നതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കണ്ടുപിടിക്കാൻ പോലും പറ്റാത്ത പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പ്രധാന കാരണം ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗമാണെന്ന മുന്നറിയിപ്പുകൾ ആരും കണക്കിലെടുക്കുന്നില്ല. ആരോഗ്യത്തോടെ ജീവിക്കേണ്ട ഭാവി തലമുറയാണ് ഇതിലൂടെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അധികൃതർ ഡോ
ക്ടർമാർക്കും പൊതുജനങ്ങൾക്കുമായി ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പനി, തലവേദന, അലർജി എന്നിവയടക്കമുള്ള സാധാരണ രോഗങ്ങൾക്ക് പോലും ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നത് വ്യാപകമാണെന്നും ഇത് രോഗികളിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.എന്നാൽ ഈ മുന്നറിയിപ്പുകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ രോഗികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ എഴുതി നൽകാൻ പാടുള്ളൂവെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ ഡോക്ടർമാർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ആന്റിബയോട്ടിക് മരുന്ന് കമ്പനികളുടെ സ്വാധീനത്തിൽ പെട്ട് ഡോക്ടർമാരിൽ വലിയൊരു ശതമാനവും അത്യാവശ്യമല്ലെങ്കിൽ പോലും രോഗികൾക്ക് നിരന്തരമായി ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ച് നൽകുന്ന സാഹചര്യമാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ആന്റിബയോട്ടിക് മരുന്നുകൾ വിൽപന നടത്തുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം.
ആന്റിബയോട്ടിക് മരുന്നുകളുടെ തുടർച്ചയായ ഉപയോഗത്തിലൂടെ വൈറസുകൾ പ്രതിരോധ ശേഷിയെ മറികടക്കുമ്പോൾ ചെറിയ രോഗങ്ങൾ പിടിപെട്ടാൽ പോലും ശരീരത്തിന് പ്രതിരോധിക്കാൻ കഴിയാതെ അത് മാരകരോഗങ്ങളിലേക്ക് മാറുകയും മരണം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്യുന്നുവെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളിൽ പറയുന്നത്.
ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗത്തിന്റെ പ്രശ്‌നങ്ങൾ രാജ്യത്ത് ഏറ്റവും ആദ്യം തിരിച്ചറിഞ്ഞത് കേരളമാണ്. അതുകൊണ്ട് തന്നെയാണ് അഞ്ച് വർഷം മുമ്പ് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന് രൂപം നൽകിയത്. ഇന്ത്യയിൽ മാത്രമല്ല. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി കേരളത്തിലാണ് ഈ പരിപാടി നിലവിൽ വന്നത്. 2018 ഒക്ടോബറിലാണ് ഈ പരിപാടിക്ക് തുടക്കം കറിച്ചതെങ്കിലും ആന്റിബയോട്ടിക് അമിതോപയോഗം തടയുന്നതിനുള്ള ശ്രമങ്ങളൊന്നും ഇതുവരെ കാര്യമായി ഏശിയിട്ടില്ല. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ ഗുതുതരമാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം തടയാൻ കർശന നടപടികളാണ് ഓപറേഷൻ അമൃത് പരിപാടിയിൽ കൊണ്ടുവന്നിട്ടുള്ളത്. എങ്കിൽ പോലും ഇത് ശരിയായ രീതിയിൽ നടപ്പാക്കാൻ ആരോഗ്യ വകുപ്പ് മാത്രം തീരുമാനിച്ചതുകൊണ്ട് കാര്യമില്ല. ജനങ്ങളുടെ വലിയ സഹകരണം ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് പറയുന്നു. ഏറ്റവും പ്രധാന നടപടി ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ ലഭിക്കുന്നതിനുള്ള സാധ്യത അടക്കുകയെന്നതാണ്. ഓപറേഷൻ അമൃത് പരിപാടിയിൽ ഏറ്റവും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതും ഇതു തന്നെയാണ്. അംഗീകൃത ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ പൊതുജനങ്ങൾക്ക് നൽകുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഓടി മെഡിക്കൽ സ്‌റ്റോറിലെത്തിയാൽ ആന്റിബയോട്ടിക് മരുന്നുകൾ കിട്ടുന്ന സാഹചര്യം ഇനി കേരളത്തിൽ ഉണ്ടാകില്ല. ഒരു രോഗത്തിനുള്ള ആന്റിബയോട്ടിക് മരുന്ന് ഡോക്ടർ ഒരിക്കൽ എഴുതിയാൽ പിന്നെ വർഷങ്ങളോളം എപ്പോൾ രോഗം വന്നാലും മെഡിക്കൽ ഷോപ്പിൽ പോയി ആ മരുന്ന് വാങ്ങി കഴിക്കുന്ന മലയാളിയുടെ ശീലം വലിയ തോതിൽ കൂടി വരികയാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ആന്റിബയോട്ടിക് മരുന്നുകൾ ഒരു നിശ്ചിത കാലയളവിലേക്ക് കഴിക്കാനുള്ളതാണ്. രോഗം മാറിയാൽ പോലും അതിന്റെ കോഴ്സ് പൂർത്തിയാക്കണം. എന്നാൽ രോഗം മാറുന്നതോടെ മരുന്ന് കഴിക്കൽ പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് ബഹുഭൂരിഭാഗവും ചെയ്യുന്നത്. ഇത് രോഗാണുക്കൾക്ക് മരുന്നുകളുടെ പ്രതിരോധ ശേഷിയെ മറികടന്ന് കൂടുതൽ കരുത്തോടെ പല വിധത്തിലുള്ള രോഗം പരത്താനുള്ള ശേഷി കൂട്ടുകയാണ് ചെയ്യുന്നത്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിൽക്കുന്നതല്ല എന്ന ബോർഡ് എല്ലാ മരുന്നു ഷോപ്പുകൾക്ക് മുന്നിലും പ്രദർശിപ്പിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇങ്ങനെയല്ലാതെ മരുന്നുകൾ വിൽക്കുന്നുണ്ടോയെന്നറിയാൻ ഓപറേഷൻ അമൃത് പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ രഹസ്യ പരിശോധനകൾ തുടർച്ചയായി നടത്തും.
ഇത്തരത്തിലുള്ള കർശന നടപടികളിലൂടെ ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം വലിയ പരിധി വരെ തടയാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സർക്കാർ മാത്രം വിചാരിച്ചാൽ ഇതൊന്നും പൂർണമായും ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയില്ല. അതിന് ജനങ്ങളുടെ അകമഴിഞ്ഞ സഹകരണം കൂടി ആവശ്യമാണ്.